ഹാത്രാസ്- ബല്‍റാംപൂര്‍ വിഷയത്തിലെ യുഎന്‍ പ്രസ്താവന അനാവശ്യമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

ഇന്ത്യയില്‍ ദളിത് സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളുടെ ഓര്‍മ്മപ്പെടുത്തലാണെന്നായിരുന്നു യുഎന്‍ പരാമര്‍ശം.
ഹാത്രാസ്- ബല്‍റാംപൂര്‍ വിഷയത്തിലെ യുഎന്‍ പ്രസ്താവന അനാവശ്യമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം അനാവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹാത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന.

ഹാത്രാസ്, ബല്‍റാംപൂര്‍ സംഭവങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അതിനാല്‍ പുറത്തുനിന്നുള്ള ഒരു ഏജന്‍സിയുടെ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

നേരത്തേ ഇന്ത്യയില്‍ പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളുടെ ഓര്‍മ്മപ്പെടുത്തലാണ് ഹാത്രാസും ബല്‍റാംപൂരുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഹാത്രാസിലെയും ബല്‍റാപൂരിലെയും പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആ കുടുംബങ്ങള്‍ക്ക് നീതിയും സാമൂഹിക പിന്തുണയും ഉറപ്പ് വരുത്തണമെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം പ്രതികള്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പ്രശംസനീയമാണെന്നും ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com