ക്രിക്കറ്റ് കളിച്ചതിന് 10 പേര്‍ക്കെതിരെ യുഎപിഎ

കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മല്‍സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തിയത്.
ക്രിക്കറ്റ് കളിച്ചതിന് 10 പേര്‍ക്കെതിരെ യുഎപിഎ

ശ്രീനഗര്‍: കശ്മീരില്‍ ക്രിക്കറ്റ് കളിച്ചതിന് 10 യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മല്‍സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തിയത്. ഷോപിയാന്‍ ജില്ലയിലെ നാസനീന്‍ ഗ്രാമത്തില്‍ ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രാദേശികതലത്തില്‍ നടന്ന മത്സരത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ട സയീദ് റുബന്റെ സഹോദരന്‍ സയീദ് താജുമുലും പങ്കെടുത്തിരുന്നു. നാസനീപോര ഗ്രാമത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായ റുബാന്‍, അല്‍ ബാദര്‍ എന്ന തീവ്രവാദി സംഘടനയില്‍ ചേരുകയും പിന്നീട് ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

മത്സരത്തിന് ശേഷം സഹോദരന്റെ ഓര്‍മക്കായി ടീ-ഷര്‍ട്ടുകള്‍ വിതരണം ചെയ്തുവെന്ന വിവരം താജുമുല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് യുവാക്കളെത്തിയാല്‍ മയക്കുമരുന്ന് പോലുള്ള പല സമൂഹ വിപത്തുകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 27 ദിവങ്ങള്‍ക്ക് ശേഷം മല്‍സരത്തിനുണ്ടായിരുന്ന എല്ലാവര്‍ക്കെതിരെയും യുഎപിഎ ചുമത്തുകയായിരുന്നു. കശ്മീര്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് സംബന്ധിച്ച ഒരു വിവരവും ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ല. എഫ്‌ഐആറിന്റെ കോപ്പി പോലും ബന്ധുക്കള്‍ക്ക് നല്‍കാതെയാണ് യുവാക്കളെ യുഎപിഎ ചുമത്തി ജയിലിലടച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com