ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ്

അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവരെ ഏറ്റുമുട്ടലിലൂടെ വധിച്ചത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

കുൽഗാമിലെ അരാഹ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഒരു സൈനികനും പരിക്കേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

"കൊല്ലപ്പെട്ട തീവ്രവാദികളുടെ സാമ്പിളുകൾ കോവിഡ് -19 പരിശോധനയ്ക്ക് അയച്ചു. ഇന്ന് ശ്രീനഗറിലെ സിഡി ഹോസ്പിറ്റലിൽ നിന്ന് പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചു. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു", പോലീസ് വക്താവ് ഞായറാഴ്ച പറഞ്ഞു.

"നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരാമുള്ളയില്‍ സംസ്‌കരിക്കും", അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് സംസ്‌കരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com