തൂത്തുക്കുടിയില്‍ 28കാരന്‍റെ ദാരുണാന്ത്യം; പോലീസിനെതിരെ കുടുംബം 

ജയരാജനെയും ബെന്നിക്സിനെയും കസ്റ്റഡിയിലെടുത്ത അതേ പോലീസ് സംഘത്തിനെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം.
തൂത്തുക്കുടിയില്‍ 28കാരന്‍റെ ദാരുണാന്ത്യം; പോലീസിനെതിരെ കുടുംബം 

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും ക്രൂരമര്‍ദ്ദനത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പേ ഇതേ പോലീസ് സംഘത്തിന്റെ മറ്റൊരു ക്രൂരത കൂടി പുറത്തുവരുന്നു. തൂത്തുക്കുടി സ്വദേശിയായ 28 കാരന്റെ മരണത്തിന് പിന്നാലെയാണ് കുടുംബം പോലീസിനെതിരെ രംഗത്തെത്തിയത്.

തൂത്തുക്കുടിയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ജയരാജനേയും ബെന്നിക്‌സിനേയും അറസ്റ്റ് ചെയ്ത പോലീസ് സംഘം തന്നെയാണ് 28 കാരനായ മഹേന്ദ്രന്‍ എന്ന യുവാവിനേയും കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനില്‍ നിന്നും പിറ്റേദിവസം വിട്ടയച്ച ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മഹേന്ദ്രന്റെ മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹേന്ദ്രന്‍ സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മെയ് 23 നാണ് മഹേന്ദ്രന്റെ സഹോദരന്‍ ദുരൈയെ അന്വേഷിച്ച് ശാന്തകുളം സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷും സംഘവും ഇവരുടെ വീട്ടിലെത്തുന്നത്. സഹോദരന്‍ വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് മഹേന്ദ്രനെ കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുകയായിരുന്നു.

കേസുമായി ഒരു ബന്ധവും ഇല്ലാത്ത മഹേന്ദ്രനെ പിടിച്ചുകൊണ്ടുപോയാല്‍ സഹോദരന്‍ ഒളിവില്‍ നിന്നും പുറത്തുവരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒരു വാറണ്ട് പോലുമില്ലാതെ മഹേന്ദ്രനെ പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.

വീട്ടിലെത്തിയ പോലീസ് സംഘത്തിന്റെ വാഹനത്തിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ എടുത്തുകളഞ്ഞിരുന്നെന്നും മഹേന്ദ്രന്റെ അമ്മാവന്‍ പെരുമാള്‍ പറഞ്ഞു. രഘു ഗണേഷ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മഫ്തിയിലായിരുന്നു വന്നത്. കയ്യില്‍ തോക്കും പിടിച്ചാണ് അദ്ദേഹം വീട്ടില്‍ കയറിയത്. ദുരൈ കീഴടങ്ങിയാല്‍ മാത്രമേ മഹേന്ദ്രനെ വിട്ടയക്കൂ എന്നായിരുന്നു പോലീസുകാരന്‍ പറഞ്ഞത്.

പിറ്റേ ദിവസം രാത്രിയാണ് മഹേന്ദ്രനെ അവര്‍ വിട്ടയ്ക്കുന്നത്. സ്റ്റേഷനില്‍ നിന്നും എത്തിയ അവന്‍ അവശനിലയിലായിരുന്നു. ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നെന്നും കുടുംബം പറയുന്നു. കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ വീട്ടില്‍ വെച്ച് തന്നെ അവര്‍ മഹേന്ദ്രനെ മര്‍ദ്ദിച്ചിരുന്നു. കൊച്ചുമകനെ കുറിച്ച് മറന്നേക്കൂ എന്നാണ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ പോലീസുകാരന്‍ പറഞ്ഞതെന്ന് മഹേന്ദ്രന്റെ അമ്മൂമ്മയും പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ അവന് വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

രണ്ടാഴ്ച അതേ അവസ്ഥയില്‍ കഴിഞ്ഞു. തുടര്‍ന്ന് തൂത്തുക്കുടിയിലെ ആശുപത്രിയില്‍ അവനെ എത്തിച്ചു. അവിടെ വെച്ച് എടുത്ത സ്‌കാനിങ്ങില്‍ തലച്ചോറില്‍ കാര്യമായ പരിക്ക് സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവന്‍ ശനിയാഴ്ച മരണപ്പെടുകയായിരുന്നെന്ന് കുടുംബം പറയുന്നു.

മരണശേഷം മഹേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. കോവിഡ് കേസുകള്‍ നിരവധിയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മകന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് നീതി വേണം. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും മഹേന്ദ്രന്റെ കുടുബം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com