ടിആര്‍പി ക്രമക്കേട്: പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും നോട്ടീസ്

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് പ്രഖ്യാപിച്ചത്
ടിആര്‍പി ക്രമക്കേട്: പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും നോട്ടീസ്

ന്യൂഡൽഹി: ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച സംഭവം ഐടി കാര്യ പാര്‍ലമെന്‍ററി സമിതി പരിശോധിക്കും. വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്‍റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കി.

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് പ്രഖ്യാപിച്ചത്. തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്ളിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി പ്രതികരിക്കുകയും ചെയ്തു.

ടിവി ചാനലുകളുടെ കാഴ്ചക്കാര്‍ എത്രയെന്ന് കണ്ടെത്താന്‍ ടിആര്‍പി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്‍കുന്നവര്‍ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജന്‍സിയായ ബാര്‍ക്ക് രാജ്യത്തുടനീളം വീടുകളില്‍ ബാരോമീറ്ററുകള്‍ സ്ഥാപിച്ചാണ് പരിപാടികളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്. ടിആര്‍പിയില്‍ അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പോലീസ് രംഗത്തെത്തിയത്.

റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി ചാനലുകള്‍ സ്വാധീനിക്കുന്നു. പ്രതിമാസം അയ്യായിരം രൂപ വരെയാണ് വാഗ്ദാനം. ആളുകള്‍ വീട്ടിലില്ലെങ്കിലും ടെലിവിഷന്‍ നിര്‍ത്തരുതെന്നാണ് നിര്‍ദ്ദേശം. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വഞ്ചനാകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീര്‍ സിംഗ് വ്യക്തമാക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com