പൂനെയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
India

പൂനെയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

അവശ്യ വസ്‌തുക്കള്‍ക്കുള‌ള കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്നും പാല്‍, പത്രം, ആശുപത്രി ഇവയൊന്നും തടസ്സമില്ലാതെ പ്രവര്‍ത്തിക്കും

By News Desk

Published on :

പൂനെ: കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിലെ പൂനെയിലും സമീപത്തുള‌ള പിംപ്രി-ചിഞ്ച്വാഡ് ജില്ലയിലും ജൂലൈ 13 മുതല്‍ പത്ത് ദിവസത്തേക്ക് പരിപൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ വസ്‌തുക്കള്‍ക്കുള‌ള കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്നും പാല്‍, പത്രം, ആശുപത്രി ഇവയൊന്നും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്നും പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ ദീപക്ക് മൈസേക്കര്‍ അറിയിച്ചു.

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മഹാരാഷ്ട്രയില്‍ മാത്രം 230599 കോവിഡ് രോഗികളുണ്ട്. മരണനിരക്കിന്റെ കാര്യത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. 9667 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.

പൂനെയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായി. 1803 പേര്‍ക്കാണ് പൂനെയില്‍ മാത്രം കോവിഡ് ബാധിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34399 ആയി. കോവിഡ് ബാധിച്ച്‌ ജില്ലയില്‍ ഇന്നലെ മരിച്ചത് 34 പേരാണ്. ഇതോടെ പൂനെയിലെ കോവിഡ് മരണം 978 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പൂനെയില്‍ ഇന്നലെ സ്ഥിരീകരിച്ച 1803 രോഗബാധിതരില്‍ 1032 പേരും പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്. ഇതോടെ നഗരപരിധിയിലുള്ള രോഗികളുടെ എണ്ണം 24977 ആയി വര്‍ദ്ധിച്ചു.

Anweshanam
www.anweshanam.com