'സ്വയം തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും'; ആള്‍ദൈവവും കൂട്ടാളികളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം
'സ്വയം തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും'; ആള്‍ദൈവവും കൂട്ടാളികളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് കൂട്ടാളികളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ആട്ടിടയന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സഹാപൂരിലെ നിതിന്‍ ബെഹെര്‍ (35), ചന്ദേ ഗ്രാമത്തിലെ മഹേന്ദ്ര ദുബെലെ (28), മരുമകന്‍ മുകേഷ് ഗാവത്ത് എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. നവംബര്‍ 14 മുതല്‍ മൂവരെയും കാണാതായതായി അന്വേഷണത്തില്‍ വ്യക്തമായി.

കുറച്ചു നാളുകളായി നിതിന്‍ ബെഹര്‍ മന്ത്രം പഠിച്ചുവരികയായിരുന്നു. നവംബര്‍ പതിനാലിന് മറ്റ് മൂന്നു പേരോടൊപ്പം നിതിന്‍ കാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് സ്ഥലത്തുവെച്ച്‌ മൂവരും മദ്യപിച്ചു. പിന്നാലെ, തൂങ്ങി മരിച്ചാല്‍ പ്രത്യേക ശക്തി ലഭിക്കുമെന്ന് നിതിന്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചു. മഹേന്ദ്രയും മുകേഷും മരിക്കാന്‍ സമ്മതിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന കുട്ടി ഓടി രക്ഷപെട്ടു. പിന്നാലെയാണ് മൂവരും തൂങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാട്ടിലേക്ക് പോയപ്പോള്‍ നിതിന്‍ നാല് സാരികള്‍ ഒപ്പം കരുതിയിരുന്നു.

മരത്തിന്റെ ചുവട്ടിലിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ സാരി ചുറ്റിയാല്‍ ശരീരത്തിന് പ്രത്യേക ശക്തി കൈവരുമെന്നും നിതിന്‍ സംഘത്തെ വിശ്വസിപ്പിച്ചു. നിതില്‍ തീവ്ര മതവിശ്വാസിയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥലത്തു നിന്നും രക്ഷപെട്ട കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

Related Stories

Anweshanam
www.anweshanam.com