ടിപ്പുവും ക്രിസ്തുവും നബിയും പാഠഭാഗത്തിലില്ല; കര്‍ണാടകയില്‍ വിവാദം
India

ടിപ്പുവും ക്രിസ്തുവും നബിയും പാഠഭാഗത്തിലില്ല; കര്‍ണാടകയില്‍ വിവാദം

സംസ്ഥാന സിലബസില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍.

By News Desk

Published on :

ബെംഗളൂരു: സംസ്ഥാന സിലബസില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത്.

കോവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിക്കാന്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മെന്റ് നല്‍കുമെന്നുമാണ് വിശദീകരണം.

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍, പാഠ്യഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവര്‍ഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Anweshanam
www.anweshanam.com