എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: ആരോഗ്യ സെക്രട്ടറി

വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുന്ന രീതിയില്‍ ഒരു വിഭാഗത്തിന് മാത്രം വാക്‌സിന്‍ നല്‍കുമെന്നും ഇതിലൂടെ മഹാമാരിയുടെ പടരാനുള്ള പ്രവണത തടയാനാകുമെന്നും പറഞ്ഞു
എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: ആരോഗ്യ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുന്ന രീതിയില്‍ ഒരു വിഭാഗത്തിന് മാത്രം വാക്‌സിന്‍ നല്‍കുമെന്നും ഇതിലൂടെ മഹാമാരിയുടെ പടരാനുള്ള പ്രവണത തടയാനാകുമെന്നും പറഞ്ഞു. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാക്‌സിന്‍ പരീക്ഷണത്തിനിടയില്‍ ഉയര്‍ന്നുവരുന്ന പ്രതികൂല സംഭവങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സര്‍ക്കാരുമായും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും ബന്ധമില്ലാത്ത സ്വതന്ത്ര എത്തിക്‌സ് കമ്മറ്റിയാണ്. ഇവരുടെ രേഖപ്പെടുത്തലുകള്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് മരുന്ന് നല്‍കി കോവിഡിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് മരുന്ന് നല്‍കേണ്ട കാര്യം പോലും വരില്ലെന്നും പറഞ്ഞു.

നവംബര്‍ മാസത്തില്‍ പ്രതിദിനം പുതുതായി കോവിഡ് ബാധിച്ചവരുടെ ശരാശരി എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം. നവംബറിലെ ഓരോദിവസവും ശരാശരി 43,152 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നാല്‍ പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം 47,159 ആയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

14 കോടിയിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 6.69 ശതമാനമാണ് ദേശീയ തലത്തില്‍ പോസിറ്റിവിറ്റി നിരക്ക്. പത്ത് ലക്ഷത്തില്‍ എത്രപേര്‍ മരിക്കുന്നു (ഡെത്ത് പെര്‍ മില്യണ്‍) എന്ന കണക്കില്‍ ഇന്ത്യ ഇപ്പോഴും ലോകത്ത് തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. പത്ത് ലക്ഷത്തില്‍ എത്ര കേസുകള്‍ (പെര്‍ മില്യണ്‍ കേസസ്) എന്നകാര്യത്തിലും ഇന്ത്യയുടെ നിരക്ക് താഴ്ന്നതാണ്.

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ പ്രതിദിന ശരാശരി പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനമാണ്. ലോകത്ത് വലിയ രാജ്യങ്ങള്‍ക്കിടയില്‍ കേസ് പെര്‍ മില്യണ്‍ (പത്ത് ലക്ഷത്തില്‍ 211 കേസുകള്‍) കണക്കിലും ഇന്ത്യ താഴ്ന്ന നിലയിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ബാധ വര്‍ധിക്കുന്നുവെന്നാണ് കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com