ഇന്ധന വില വര്‍ദ്ധന; സൈക്കിള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ 
India

ഇന്ധന വില വര്‍ദ്ധന; സൈക്കിള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ 

തുടര്‍ച്ചയായ 19ാം ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ധന വിലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന വര്‍ദ്ധനവില്‍ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുന്നു. വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. കോണ്‍ഗ്രസ് ബുധനാഴ്ച സൈക്കിളോടിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിനു പിന്നാലെ ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും തേജ് പ്രതാപ് യാദവും സമാന പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ സിംഗും പ്രവര്‍ത്തകരുമായിരുന്നു സൈക്കിളോടിച്ച് പ്രതിഷേധം നടത്തിയത്.

തുടര്‍ച്ചയായ 19ാം ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത്. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ദ്ധിപ്പിച്ചു.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

അതേസമയം ഡല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Anweshanam
www.anweshanam.com