ചൊവ്വാ ദോഷം മാറാന്‍ 13 കാരനെ വിവാഹം കഴിച്ച് അദ്ധ്യാപിക

ജലന്തറിലെ ബസ്തി ബാവ ഖേല്‍ എന്ന സ്ഥലത്താണ് സംഭവം.
ചൊവ്വാ ദോഷം മാറാന്‍ 13 കാരനെ വിവാഹം കഴിച്ച് അദ്ധ്യാപിക

ന്യൂ ഡല്‍ഹി: ചൊവ്വാ ദോഷം മാറാന്‍ 13 കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്തറിലെ ബസ്തി ബാവ ഖേല്‍ എന്ന സ്ഥലത്താണ് സംഭവം. ജാതകത്തില്‍ ദോഷമുള്ളതിനാല്‍ തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ ആശങ്കയിലായിരുന്നുവെന്നും ഇതു മാറാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാന്‍ ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അദ്ധ്യാപിക പൊലീസിനോട് പറഞ്ഞു.

അതേസമയം, ട്യൂഷന് വേണ്ടി ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. വീട്ടില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സത്യം പുറത്തായത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അധ്യാപികയും ബന്ധുക്കളും ബലംപ്രയോഗിച്ച് ചടങ്ങുകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഹല്‍ദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കൂട്ടപ്രാര്‍ത്ഥനയും നടത്തി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കളെ അധ്യാപികയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com