പേര് മാറ്റമില്ല; കോയമ്പത്തൂരും വെല്ലൂരുമെല്ലാം തിരിച്ചെത്തി
Artist
India

പേര് മാറ്റമില്ല; കോയമ്പത്തൂരും വെല്ലൂരുമെല്ലാം തിരിച്ചെത്തി

1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ് പേരുകൾ സ്വീകരിച്ച തമിഴ്‌നാട് ആ നടപടി ഒരാഴ്ച കൊണ്ട് പിൻവലിച്ചു

By Thasneem

Published on :

ചെന്നൈ: 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ് പേരുകൾ സ്വീകരിച്ച തമിഴ്‌നാട് ആ നടപടി ഒരാഴ്ച കൊണ്ട് പിൻവലിച്ചു. ഇതോടെ കഴിഞ്ഞ ആഴ്ചയിൽ കോയംപുത്തൂര്‍ ആയ കോയമ്പത്തൂർ വീണ്ടും കോയമ്പത്തൂർ തന്നെയായി മാറി.

ടൂട്ടികോറിന്‍ എന്ന് എഴുതിയിരുന്ന തൂത്തുക്കുടിയുടെ പേര് 'തൂത്തുകുടി' തന്നെയായി.'തിണ്ടുക്കല്‍' എന്നായിരുന്നു ദിണ്ഡിഗലി​ന്റെ പുതിയ പേരായി ഇട്ടിരുന്നത്. പെരമ്പൂര്‍-പേരാമ്പൂര്‍, തൊണ്ടിയാര്‍പേട്ട്-തണ്ടിയാര്‍പേട്ടൈ, എഗ്മോര്‍-എഴുമ്പൂര്‍ എന്നിങ്ങനെയും സ്ഥലങ്ങളുടെ പേരുകളും മാറ്റിയിരുന്നു.

അബംട്ടൂരിനെ 'അംബത്തൂര്‍', വെല്ലൂരിനെ 'വേലൂര്‍' എന്നും ആക്കി മാറ്റിയിരുന്നു​. എന്നാൽ കോവിഡ്​ മഹാമാരിയുടെ കാലത്ത്​ സര്‍ക്കാര്‍ തീരുമാനത്തിന്​ സമ്മിശ്ര പ്രതികരണമാണ്​ ലഭിച്ചത്​. ഇതിടെയാണ് പേര് മാറ്റിയ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

എന്നാൽ ഈ നടപടി പൂർണമായി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നില്ല. പകരം, വിദഗ്​ദരുമായി കൂടിയാലോചിച്ചും ആളുകളുടെ അഭിപ്രായം ആരാഞ്ഞതിനും ശേഷവുമാകും ഇംഗ്ലീഷ്​ സ്​ഥല നാമങ്ങള്‍ തദ്ദേശീയ ഭാഷയിലേക്ക്​ മാറ്റുകയെന്ന്​ തമിഴ്​ ഭാഷ വികസന മന്ത്രി കെ. പാണ്ഡ്യരാജ്​ വ്യക്​തമാക്കി.

ഇപ്പോള്‍ ​നിലവിലുള്ള പല പേരുകളും ആ സ്​ഥലങ്ങളുടെ ഇംഗ്ലീഷ് നാമങ്ങളാണ്​. ബ്രിട്ടീഷുകാരാണ്​ ഇംഗ്ലീഷ് പേരുകൾ എല്ലാം കോളനി കാലത്ത് നൽകിയിട്ടുള്ളത്​. ചില പേരുകള്‍ സംസ്​കൃത ഭാഷയില്‍ നിന്നും ഉത്ഭവിച്ചവയാണ്​. ഈ പേരുകൾ എല്ലാം തമിഴിലേക്ക് മാറ്റാനായിരുന്നു തീരുമാനം. നേരത്തെയും തമിഴ്‌നാട് സ്ഥലങ്ങളുടെ ഇംഗ്ലീഷ് പേരുകൾ തമിഴിലേക്ക് മാറ്റിയിരുന്നു. 1996 ൽ തമിഴ്‌നാടിന്റെ തലസ്​ഥാനമായ 'മദ്രാസ്​'​ ചെന്നൈ എന്നാക്കി മാറ്റിയിരുന്നു​.

രണ്ടുവര്‍ഷം മുൻപ് നിയമസഭയിലാണ്​​ ഇംഗ്ലീഷ്​ ഉച്ഛാരണം വരുന്ന പേരുകള്‍ തമിഴ്​ ഉച്ഛാരണത്തിലേക്ക്​ മാറ്റുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കലക്​ടര്‍മാരടക്കം ഇംഗ്ലീഷ്​ ഉച്ഛാരണത്തിലുള്ള സ്​ഥലങ്ങളുടെ പട്ടിക കൈമാറിയ ശേഷമാണ്​ പേര്​ മാറ്റാന്‍ തീരുമാനമായത്​. വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശയിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. നേരത്തെ മുതലേ തമിഴ് ഭാഷയോട് ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് തമിഴ്‌നാട്ടുകാർ. ഇംഗ്ലീഷ് ഉൾപ്പെടെ മറ്റു ഭാഷകളിലെ പദങ്ങൾ ഉപയോഗിക്കുന്നതിന് പകരം എല്ലാം തമിഴിൽ ഉപയോഗിക്കുന്നതാണ് തമിഴരുടെ ശീലം.

Anweshanam
www.anweshanam.com