തമിഴ്​നാട്ടിലെ ഹിന്ദി ഭാഷാ വിവാദത്തിൽ പുതിയ വഴിത്തിരിവ്; രാജയുടെ വാദം പൊളിയുന്നു
India

തമിഴ്​നാട്ടിലെ ഹിന്ദി ഭാഷാ വിവാദത്തിൽ പുതിയ വഴിത്തിരിവ്; രാജയുടെ വാദം പൊളിയുന്നു

ഹിന്ദി സംസാരിക്കാൻ കഴിയുന്ന കനിമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ വിവാദത്തിന്​ തിരികൊളുത്തിയതെന്നായിരുന്നു രാജ പറഞ്ഞത്​.

News Desk

News Desk

ചെന്നൈ: തമിഴ്​നാട്ടിലെ ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായെത്തിയ ബി.ജെ.പി സെക്രട്ടറി എച്ച്​. രാജയുടെ വാദങ്ങൾ പൊളിയുന്നു. ഹിന്ദി സംസാരിക്കാൻ കഴിയുന്ന കനിമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ വിവാദത്തിന്​ തിരികൊളുത്തിയതെന്നായിരുന്നു രാജ പറഞ്ഞത്​.

വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഡി.എം.കെ എം.പി കനിമൊഴി നൽകിയ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് രാജ ആരോപിച്ചിരുന്നു. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ പ്രസംഗം 1989 ൽ ഹിന്ദിയിൽ നിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്​തത്​ കനിമൊഴിയാണെന്നും രാജ പറഞ്ഞിരുന്നു. എന്നാൽ ഹരിയാന കേഡറിലെ വിരമിച്ച ഐ‌.എ‌.എസ് ഉദ്യോഗസ്ഥനായ എം.ജി. ദേവസഹായം പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് രാജയുടെ വാദം പൊളിഞ്ഞത്.

വിരമിച്ച ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ രാജയുടെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയതോടെ പ്രശ്‌നത്തിൽ പുതിയ വഴിത്തിരിവായി. എം.ജി. ദേവസഹായം രാജയുടെ അവകാശവാദം തെറ്റാണെന്ന്​ പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രിയുടെ സംസാരം വിവർത്തനം ചെയ്​തത് താനാണെന്ന്​ അദ്ദേഹം പറയുന്നു.

ഈ സംഭവം നടന്നപ്പോൾ കനിമൊഴി രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടില്ലെന്നും ഒരു തരത്തിലും അവരെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.സംഭവത്തിൽ പ്രതികരണവുമായി കനിമൊഴിയും രംഗത്ത്​ വന്നിട്ടുണ്ട്​. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അവർ ഹിന്ദിയിൽ നിന്ന് തമിഴിലേക്ക് താൻ ഒരു നേതാവിന്റെയും പ്രസംഗം വിവർത്തനം ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

'ഞാൻ തമിഴും ഇംഗ്ലീഷും മാത്രമേ പഠിച്ചിട്ടുള്ളൂ. അല്ലെങ്കിലും എനിക്ക് ഹിന്ദി അറിയുമോ ഇല്ലയോ എന്നത് ഇവിടെ പ്രസക്​തവുമല്ല. ഹിന്ദി സംസാരിക്കാനുള്ള കഴിവിനെ ഒരാളുടെ ദേശീയ സ്വത്വവുമായി താരതമ്യം ചെയ്യുന്നത്​ ഏതുനിലയിലും വലിയ അപമാനമാണ്'-അവർ പറഞ്ഞു.

Anweshanam
www.anweshanam.com