തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
India

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

Sreehari

സേലം: തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സേലം ജില്ലയിലെ തലൈവാസലില്‍ ഒരു സര്‍ക്കാര്‍ പദ്ധതിയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയെന്നും പളനിസ്വാമി വ്യക്തമാക്കി.

തൂത്തുക്കുടിയില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് അച്ഛനെയും മകനെയും ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നത്. തൂത്തുക്കുടിയിലെ സാത്താക്കുളത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് മരിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചും മലദ്വാരത്തിലൂടെ കമ്ബിയും മറ്റും കയറ്റിയുമാണ് പോലീസ് ഇവരെ പീഡിപ്പിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ദ്ദേശിച്ച സമയം കഴിഞ്ഞ് കടയടക്കാന്‍ അല്‍പ്പം വൈകിയെന്നാരോപിച്ചാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡി മരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തിരുന്നു.

Anweshanam
www.anweshanam.com