തമിഴ്‌നാട് വൈദ്യുത മന്ത്രി പി തങ്കമണിക്ക് കോവിഡ്

മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു
തമിഴ്‌നാട് വൈദ്യുത മന്ത്രി പി തങ്കമണിക്ക് കോവിഡ്

ചെന്നൈ: തമിഴ്‌നാട് വൈദ്യുത മന്ത്രി പി തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണിത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ അന്‍പഴകന് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് മന്ത്രിയെയും മകനെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് തങ്കമണിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചികിത്സയ്ക്കായി തംഗമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വേഗത്തിൽ സുഖം പ്രാപിക്കണമെന്നും ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം ട്വീറ്റിൽ പറഞ്ഞു.

ആരോഗ്യസ്ഥിതി അന്വേഷിക്കാൻ തങ്കമണിയെ വിളിച്ചതായും വേഗത്തിൽ സുഖം പ്രാപിക്കണമെന്നും ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു.

“എല്ലാ ആഴ്ചയും മുൻകരുതൽ എന്ന നിലയിൽ മന്ത്രി കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം അദ്ദേഹം പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇന്ന് രാവിലെ വന്ന പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചു. മന്ത്രിക്ക് രോഗ ലക്ഷണമില്ലായിരുന്നു,” അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,350 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,756 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

64 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 1,700 ആയി. 74,197 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 46,480 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com