
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന് അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.
സുശാന്തിന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന് ഷോവിക് ചക്രബര്‍ത്തി, റിയയുടെ ടാലന്റ് മാനേജര്‍ ജയ സഹ എന്നിവര്‍ക്കെതിരെ നേരത്തെ നാര്‍ക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു.
സുശാന്തിന്റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായാണ് സൂചന. ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ അനുമാനങ്ങൾ വിലയിരുത്തനാണ് എയിംസിന്റെ ശ്രമം.