സൂര്യനെല്ലി കേസ്: കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി സുപ്രീം കോടതി
India

സൂര്യനെല്ലി കേസ്: കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി സുപ്രീം കോടതി

25 കുറ്റവാളികളുടെ അപ്പീലില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി സുപ്രീം കോടതി നീട്ടി. നിലവില്‍ ജാമ്യത്തിലോ പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 25 കുറ്റവാളികളാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. ഇത്രയും പേരുടെ അപ്പീലില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊവിഡ് സാഹചര്യം മാറിയ ശേഷം അഭിഭാഷകര്‍ നേരിട്ട് കോടതിയില്‍ എത്തുന്ന സ്ഥിതി വരുമ്ബോള്‍ വാദം കേള്‍ക്കാമെന്നും അതുവരെ പരോള്‍ കാലാവധി നീട്ടുന്നതായും കോടതി അറിയിച്ചു. അപ്പീല്‍ നല്‍കിയവരില്‍ 16 പേരുടെ ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടുണ്ട്. ഇവരോട് അപ്പീലുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ അപ്പീലുമായി മുന്നോട്ടുപോകുമെന്ന് പ്രതികളില്‍ ചിലരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അപ്പീലുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക മൂന്നാഴ്ചക്കുള്ളില്‍ കൈമാറാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

കേസിലെ മുഖ്യ കുറ്റവാളികള്‍ ആയ ധര്‍മരാജന്‍, ഉഷ എന്നിവര്‍ ഇപ്പോഴും ജയിലില്‍ ആണ്. ഇവര്‍ ഒഴികെയുള്ള മിക്ക പ്രതികളും ജാമ്യത്തിലോ,പരോളിലോ ആണ്. പരോള്‍ കാലാവധി ശിക്ഷ ആയാണ് സാധാരണ കാണാക്കാക്കാറുള്ളത്. അതിനാല്‍ ഇപ്പോള്‍ ഇവര്‍ ജയിലിന് പുറത്ത് ചെലവഴിക്കുന്ന കാലാവധിയും ശിക്ഷാ കാലാവധി ആയാകും പരിഗണിക്കുക.

Anweshanam
www.anweshanam.com