ട്വീറ്റിൽ കോടതി വിമർശനം; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്നു സുപ്രീംകോടതി

ട്വീറ്റിൽ കോടതി വിമർശനം; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്നു സുപ്രീംകോടതി

സുപ്രീംകോടതിയെയും മുൻ ചീഫ്​ ജസ്​റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമർശിച്ച കേസിൽ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ ഭൂഷ​ൺ കുറ്റക്കാരനെന്ന്​ സുപ്രീംകോടതി കണ്ടെത്തി.

ന്യൂഡെല്‍ഹി: സുപ്രീംകോടതിയെയും മുൻ ചീഫ്​ ജസ്​റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമർശിച്ച കേസിൽ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ ഭൂഷ​ൺ കുറ്റക്കാരനെന്ന്​ സുപ്രീംകോടതി കണ്ടെത്തി. പ്രശാന്ത്​ ഭൂഷന്റെ നടപടി ഗുരുതരമായ കോടതിയലക്ഷ്യമെന്ന്​ ജസ്​റ്റിസ്​ അരുൺ മിശ്രയും ബി.ആർ ഗവായിയും കൃഷ്​ണ മുരാരിയും അടങ്ങുന്ന ബെഞ്ച്​ വിധിച്ചു. ആഗസ്​റ്റ്​ 20ന്​ പ്രശാന്ത്​​ ഭൂഷണ്​ പറയാനുള്ളത്​ കോടതി കേൾക്കും - വയർ റിപ്പോര്‍ട്ട്.

ഭൂഷൺ നടത്തിയ സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ വിദ്വേഷത്തിൽ നിന്നുള്ളതല്ലെന്നും കോടതി കൂടുതൽ ശക്തമായിരിക്കണം എന്ന ധാരണയിൽ നിന്നുള്ളതാണെന്നും പ്രശാന്തിന്​ വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത്​ ദവെ വാദിച്ചു. ന്യായാധിപനെ ന്യായമായി വിമർശിക്കുന്നത് കഠിനമാണെങ്കിലും കുറ്റകൃത്യമല്ല, അത്​ അവകാശമാണെന്നും ദവെ പറഞ്ഞു.

കഴിഞ്ഞ ജൂൺ 27നും 29നുമായിരുന്നു പ്രശാന്ത്​ ഭൂഷന്റെ വിവാദമായ ട്വീറ്റുകൾ. ജൂൺ 29​ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെയുടെ ചിത്രം സഹിതമുള്ള ട്വീറ്റ്​: ‘ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ​ബോബ്​ഡെ, നാഗ്​പൂർ രാജ്​ഭവനിൽ, ഒരു ബി.ജെ.പി നേതാവി​െൻറ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക്​ ഓടിക്കുന്നു. മാസ്​കും ഹെൽമെറ്റും ധരിച്ചിട്ടില്ല. പൗരൻമാർക്ക്​ നീതിക്കുള്ള മൗലികാവകാശം നിഷേധിച്ച്​ സുപ്രീംകോടതിയെ ലോക്​ഡൗണിൽ ആക്കിയിരിക്കു​മ്പോഴാണിത്​’.

ജൂൺ 27ലെ ട്വീറ്റ്​: ‘ഔദ്യോഗികമായി അടിയന്തിരാവസ്​ഥ ഇല്ലാത്തപ്പോൾ തന്നെ, കഴിഞ്ഞ ആറ്​ വർഷം രാജ്യത്ത്​ എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെ​െട്ടന്ന്​ ഭാവിയിൽ പരിശോധിക്കുന്ന ചരിത്രകാരൻമാർ, ഈ നശീകരണത്തിൽ സുപ്രീംകോടതിയുടെ പങ്കും, അതിൽ തന്നെ നാല്​ മുൻ ചീഫ്​ ജസ്​റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തും’. ട്വീറ്റിനെതിരെ മഹേക്​ മഹേശ്വരി എന്നയാൾ നൽകിയ പരാതിയിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രമുഖ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഗെ. തുറന്നു സംസാരിക്കുന്നതില്‍ നിന്ന് അഭിഭാഷകരെ പിറകോട്ടുവലിക്കുന്നതാണ് കോടതിയുടെ വിധിയെന്ന് അദ്ദേഹം ഹഫ്പോസ്റ്റ് ഇന്ത്യയോട് പറഞ്ഞു. കോടതിവിധിയിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അരുന്ധതി റോയിയുടേയും ശ്രേണിയിലേക്ക് പ്രശാന്ത് ഭൂഷണ്‍ കണ്ണിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com