ടിസ്: ക്യാമ്പസുകൾ ഉടൻ തുറക്കണമെന്ന് വിദ്യാർത്ഥികൾ

ക്യാമ്പസ് തുറന്ന് പരമ്പരാഗത പഠനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നാണ് ടിസിലെ 70 ശതമാനം വിദ്യാർത്ഥികളുടെയും ആവശ്യം
ടിസ്: ക്യാമ്പസുകൾ ഉടൻ തുറക്കണമെന്ന് വിദ്യാർത്ഥികൾ

മുംബൈ: രാജ്യത്തെ പ്രീമിയർ പ്രൊഫഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസി (ടിസ്) ലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ തൃപ്തരല്ലെന്ന് സർവ്വെ റിപ്പോർട്ട്.

മഹാമാരി പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ മൂലം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർവ്വതും അടച്ചിട്ടു. ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കപ്പെടുന്നതനുസരിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുവാനുള്ള ഒരുക്കത്തിലാണ്.

ഇനിയും കാലതാമസമില്ലാതെ പക്ഷേ പതിവ് അദ്ധ്യയന രീതി ഉടൻ പുനഃരാരംഭിക്കണമെന്ന നിലപാടിലാണ് ടിസിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും. ക്യാമ്പസ് തുറന്ന് പരമ്പരാഗത പഠനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നാണ് ടിസിലെ 70 ശതമാനം വിദ്യാർത്ഥികളുടെയും ആവശ്യം - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ടിസ് ക്യാമ്പസിലെ വിദ്യാർത്ഥി സംഘടന പ്രോഗ്രസീവ് സ്റ്റുഡൻസ് ഫോറത്തിൻ്റെ സർവ്വെ റിപ്പോർട്ടിലാണ് ഓൺലൈൻ പഠന രീതിയിൽ വിദ്യാർത്ഥികൾ തൃപ്തരല്ലെന്ന് വ്യക്തമായിട്ടുള്ളത്. ഓൺലൈൻ അദ്ധ്യയനം വിദ്യാർത്ഥികളിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതിലൂന്നിയാണ് സർവ്വെ സംഘടിപ്പിക്കപ്പെട്ടത്.

മുംബൈ, ഹൈദരാബാദ്, തുൽജപൂർ, ഗോഹട്ടി ക്യാമ്പസുകളിൽ നിന്ന് 549 വിദ്യാർത്ഥികൾ സർവ്വെയിൽ പങ്കെടുത്തു. ഇതിൽ 28.8 ശതമാനം പറഞ്ഞത് ഓൺലൈൻ ക്ലാസുകളിൽ തൃപ്തരാണെന്നാണ്. പക്ഷേ 70 ശതമാനവും തൃപ്തരല്ലെന്നാണ് വ്യക്തമാക്കിയത്. ബാക്കിയുള്ളവരാകട്ടെ കൃത്യമായ പ്രതികരണമില്ലാത്തവരും.

ക്യാമ്പസുകൾ തുറന്ന് അദ്ധ്യയനം സാധാരാണ നിലയിലാക്കുന്നതിനെപ്രതി ടിസ് മാനേജ്മെൻ്റ് ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ സർവ്വെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ക്യാമ്പസുകൾ തുറക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർത്ഥി സംഘടന മാനേജ്മെൻ്റിന് കത്ത് നൽകിയിട്ടുണ്ട്.

സാമൂഹിക അകല മാനദണ്ഡമുൾപ്പെടെ പാലിച്ച് ഘട്ടമായി ക്യാമ്പസുകൾ തുറക്കണമെന്ന അഭിപ്രായമാണ് വിദ്യാർത്ഥി സംഘടന കത്തിൽ പങ്കുവച്ചിട്ടുള്ളത്. ഹോസ്റ്റലുകൾ തുറക്കണം. പരാമവധി സിംഗിൾ റൂമകൾ വിദ്യാർത്ഥികൾക്ക് അനുവദിക്കണം. ഒരു റൂമിൽ എന്തു തന്നെയായാലും രണ്ടിലധികം പേർ പാടില്ല. കൂടുതൽ ജാഗ്രത വേണമെന്ന കരുതുന്നവർക്കായ് പ്രത്യേകം താമസ സൗകര്യമേർപ്പെടുത്തണമെന്നും വിദ്യാർത്ഥി സംഘടനയുടെ കത്ത് നിർദ്ദേശിക്കുന്നു.

Related Stories

Anweshanam
www.anweshanam.com