പളനിസ്വാമിക്കെതിരെ ഗവര്‍ണറെ സമീപിച്ച് സ്റ്റാലിന്‍

അഴിമതി ആരോപണങ്ങളെക്കുറിച്ച് 98 പേജുള്ള വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറി.
പളനിസ്വാമിക്കെതിരെ ഗവര്‍ണറെ സമീപിച്ച് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കെതിരെ ഗവര്‍ണറെ സമീപിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പളനിസ്വാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള 98 പേജുള്ള വിവരങ്ങളാണ് സ്റ്റാലിനും സംഘവും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന് കൈമാറിയത്.

ഡിഎംകെ നേതാക്കളായ എ രാജ, തുറൈമുരുകന്‍, ടികെഎസ്, ഇലങ്കോവന്‍, ആര്‍എസ് ഭാരതി എന്നിവരടങ്ങിയ സംഘമാണ് സ്റ്റാലിനൊപ്പം ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ വിജിലന്‍സ്-അഴിമതി വിരുദ്ധ വകുപ്പിന് ഈ അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും എഐഎഡിഎംകെ മന്ത്രിമാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട് മന്ത്രിയായ എസ്പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപാര്‍ട്ട്‌മെന്റിന് തെളിവുകളൊക്കെ നേരത്തെ കൈമാറിയിരുന്നു. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുഖ്യമന്ത്രി കോടതിയെ സമീപിച്ച് അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിച്ചതാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി തങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 23 മുതല്‍ ഡിഎംകെ നടത്താനൊരുങ്ങുന്ന ഗ്രാമസഭാ യോഗത്തില്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com