ഐ.എസ്.ആർ.ഒ ചാരക്കേസ് കേസ്: പ്രത്യേക സമിതി റിപ്പോർട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സമർപ്പിച്ചു

ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്
ഐ.എസ്.ആർ.ഒ ചാരക്കേസ് കേസ്: പ്രത്യേക സമിതി റിപ്പോർട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സമർപ്പിച്ചു

ന്യൂഡല്‍ഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിയോഗിച്ച സമിതി സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നിരുന്നത്. നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശം നൽകിയിരുന്നു.

2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ. ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ.പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.

2020 ഡിസംബര്‍ 14, 15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com