ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ
India

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാകും ദൃശ്യമാകുക

By News Desk

Published on :

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ നടക്കും. രാജ്യത്തെ എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഗ്രഹണം ദൃശ്യമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാകും ദൃശ്യമാകുക.

ജൂണ്‍ 21ന് രാവിലെ 9.15ന് രാവിലെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക ആഫ്രിക്കയിലെ കോംഗോയിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. 11.50 ന് അവസാനിക്കും. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.

തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക.11.04 ന് ഗ്രഹണം അതിന്റെ പാരമ്യതയിലെത്തി 1.15 ന് അവസാനിക്കും.തൃശൂരില്‍ രാവിലെ 10.10 ന് തുടങ്ങി 11.39 ന് പാരമ്യതയിലെത്തുകയും ഉച്ചയ്ക്ക് 1.19 ന് അവസാനിക്കുകയും ചെയ്യും.കാസര്‍കോട് രാവിലെ 10.05 ന് ഗ്രഹണം ആരംഭിക്കും.11.37 ന് പാരമ്യതയിലെത്തുകയും 1.21 ന് അവസാനിക്കുകയും ചെയ്യുമെന്നാണ് വിവരം.

ചന്ദ്രന്‍, സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന സ്ഥലത്ത് ഇരുട്ടനുഭവപ്പെടും. ആ സമയം വളരെ ചെറിയതായിരിക്കും. അല്ലാത്ത ഇടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടും. സൂര്യന്റെ മധ്യത്തെ മാത്രം മറയ്ക്കുമ്പോള്‍ അത് വലയ ഗ്രഹണമായി മാറും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. അടുത്ത സൂര്യഗ്രഹണം ഡിസംബര്‍ 14നാണ് ഉണ്ടാവുക. അത് പൂര്‍ണ സൂര്യഗ്രഹണമായിരിക്കും.

Anweshanam
www.anweshanam.com