ഷാ ഫൈസൽ ജെകെപിഎം അധ്യക്ഷസ്ഥാനം രാജിവച്ചു
India

ഷാ ഫൈസൽ ജെകെപിഎം അധ്യക്ഷസ്ഥാനം രാജിവച്ചു

പാർട്ടി ഉപാധ്യക്ഷൻ ഫിറോസ് പീർസാദ ഇടക്കാല അധ്യക്ഷനായി തുടരും.

News Desk

News Desk

ശ്രീനഗർ: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെകെപിഎം) പ്രസി‍ഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചു. കഴിഞ്ഞ വർഷമാണ് ഷാ ഫൈസൽ പാർട്ടി അധ്യക്ഷപദവിയിലെത്തിയത്. രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ സൂചനകൾ ഞായറാഴ്ച ഫൈസൽ നൽകിയിരുന്നു. രാഷ്ട്രീയ പദവികൾ സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ നിന്ന് അദ്ദേഹം നീക്കം ചെയ്തിരുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജെകെപിഎം എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്നിരുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാൻ പറ്റിയൊരു സാഹചര്യത്തിലല്ല താനെന്നും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസൽ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പാർട്ടി ഉപാധ്യക്ഷൻ ഫിറോസ് പീർസാദ ഇടക്കാല അധ്യക്ഷനായി തുടരും. മുൻ എംഎൽഎയും ചെയർമാനുമായ ജാവേദ് മുസ്തഫ മിറിന്റെ രാജിയും യോഗം അംഗീകരിച്ചു. 2019 ജനുവരിയിലാണ് ഫൈസൽ അപ്രതീക്ഷിതമായി ഐഎഎസ് പദവി രാജിവച്ച് സ്വന്തം രാഷ്ട്രീയപാർട്ടി രൂപീകരിച്ചത്.

Anweshanam
www.anweshanam.com