ഓക്സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം തുടര്‍ന്ന് ഇന്ത്യ; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ നോട്ടീസ്

വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഓക്സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം തുടര്‍ന്ന് ഇന്ത്യ; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ നോട്ടീസ്

ന്യൂ ഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്‌ഫോര്‍ഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വാക്സിന്‍ കുത്തിവച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.

നേരത്തെ മറ്റ് രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല. ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ടുപോകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നത്.

കോവിഡ് വാക്സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്. വാക്സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് രോഗം വന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി പഠിച്ചശേഷം മാത്രമേ വാക്സിന്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുകയുള്ളു.

Related Stories

Anweshanam
www.anweshanam.com