ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി
India

ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി

24 മണിക്കൂര്‍ ഇദ്ദേഹം നിരീക്ഷണത്തില്‍ തുടരും

By News Desk

Published on :

ന്യൂ ഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി. ഇപ്പോള്‍ പനിയില്ലെന്നും 24 മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷിക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്കായി ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജൂണ്‍ 17ന് കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ ആരോഗ്യനില ന്യുമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് മോശമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയത്.

നിലവില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം ഡല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 3137 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,116 ആയി. 27,512 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 66 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 2,035 ആയിട്ടുണ്ട്.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ നിര്‍ബന്ധമായും അഞ്ച് ദിവസം സര്‍ക്കാര്‍ ക്വാരന്‍റൈനിലാക്കിയതിന് ശേഷം മാത്രമേ ഹോം ക്വാരന്‍റൈനില്‍ വിടാവൂ എന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

Anweshanam
www.anweshanam.com