ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം സുപ്രീം കോടതി തള്ളി
India

ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം സുപ്രീം കോടതി തള്ളി

11 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരുമെന്നും സുപ്രീംകോടതി വിലയിരുത്തി.

News Desk

News Desk

ന്യൂ ഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്റെ വിശദീകരണവും ഖേദപ്രകടനവും തള്ളി സുപ്രീംകോടതി. 2009ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള വിശദീകരണമാണ് സുപ്രീം കോടതി തള്ളിയത്. ’16 സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേരും അഴിമതിക്കാരാണ്’ എന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അന്നത്തെ പരാമര്‍ശം.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും അവഹേളനവും തമ്മില്‍ വിഭജിക്കപ്പെടുന്ന ഒരു നേര്‍ത്ത വരയുണ്ടെന്നും ഒരു വശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുമ്പോള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

അഴിമതിക്കെതിരായ തന്റെ ആരോപണം സാമ്പത്തിക അഴിമതിയെക്കുറിച്ചായിരുന്നില്ലെന്നും തന്റെ പ്രസ്താവന ജഡ്ജിമാരെയോ അവരുടെ കുടുംബങ്ങളെയോ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ തന്നെ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ മാപ്പ് പറഞ്ഞിരുന്നു. അടുത്ത തിങ്കളാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. 11 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരുമെന്നും സുപ്രീംകോടതി വിലയിരുത്തി.

കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞ മാസവും പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു നടപടി. ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ബിജെപി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയ കാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

Anweshanam
www.anweshanam.com