സ്വാധീനമുള്ളവരുടെ കേസുകള്‍ക്ക് മുന്‍ഗണന; അഭിഭാഷകന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി
India

സ്വാധീനമുള്ളവരുടെ കേസുകള്‍ക്ക് മുന്‍ഗണന; അഭിഭാഷകന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നാവശ്യപ്പെട്ട കോടതി 100 രൂപ പിഴ ചുമത്തി.

By News Desk

Published on :

ന്യൂ ഡല്‍ഹി: സ്വാധീനമുള്ള അഭിഭാഷകരും, അപേക്ഷകരും സമര്‍പ്പിച്ച കേസുകള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. അഭിഭാഷകന്‍ റീപക് കന്‍സാല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇത്തരൊമൊരാവശ്യം ഉന്നയിച്ചതിന് അദ്ദേഹത്തിനെതിരെ 100 രൂപ പിഴ ചുമത്തുകയും ചെയ്തു.

ബാര്‍ അംഗമെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യോജിച്ച നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഫോണ്‍ മാര്‍ഗമാണ് റീപക് കന്‍സാലിനെതിരെ പിഴ ചുമത്തിയത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി സംബന്ധിച്ച് താന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചില്ലെന്നും സ്വാധീനമുള്ള അഭിഭാഷകരുടെ ഹര്‍ജികള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് റീപക് കന്‍സാല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കോടതിയുടെ സെക്രട്ടറി ജനറല്‍, രജിസ്ട്രാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു അഭിഭാഷകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും, കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Anweshanam
www.anweshanam.com