13കാരിയെ പീഡിപ്പിച്ച 77 വയസുകാരന് സുപ്രീംകോടതി ജാമ്യം
India

13കാരിയെ പീഡിപ്പിച്ച 77 വയസുകാരന് സുപ്രീംകോടതി ജാമ്യം

13 വയസുകാരിയെ പീഡിപ്പിച്ച 77 വയസുകാരനായ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ജയന്ത ചാറ്റര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

News Desk

News Desk

ന്യൂഡെല്‍ഹി: 13 വയസുകാരിയെ പീഡിപ്പിച്ച 77 വയസുകാരനായ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ജയന്ത ചാറ്റര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പീഡനത്തിനിരയായ 13 വയസുകാരി കഴിഞ്ഞ മാസം അഞ്ചിന് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കുട്ടിയുടെ അച്ഛന്‍ 77 കാരനല്ലെന്ന് തെളിഞ്ഞത്.

ഇതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ 77 വയസുകാരനാണ് കേസില്‍ നിരപരാധിയെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും തന്റെ വാടകക്കാരാണെന്നും വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസ് നല്‍കിയതെന്നും എന്നാല്‍ ഡിഎന്‍എ പരിശോധനയിലൂടെ സത്യം പുറത്ത്‌കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നും ജയന്ത ചാറ്റര്‍ജിയുടെ അഭിഭാഷകന്‍ ജയന്ത് മോഹന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

13 വയസുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് ദിലീപ് കര്‍മാകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെയ് 11 ചാറ്റര്‍ജിക്കെതിരെ മാറ്റിഗര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ മകള്‍ അസ്വാഭാവിക പെരുമാറ്റം കാണിച്ചുവെന്നും ചോദ്യം ചെയ്യലില്‍ ചാറ്റര്‍ജി തന്നെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതേ തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം ചാറ്റര്‍ജിക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. മെയ് 12 ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയുകയും മെയ് 26 ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകയും ചെയ്തു.

പീഡനത്തിനിരയായ പെണ്‍കുട്ടി ജൂലൈ അഞ്ചിനാണ് പെണ്‍കുഞ്ഞിന് ജന്മം നന്‍കിയത്. എന്നാല്‍ കേസില്‍ 77 കാരനായ താന്‍ നിരപരാധിയാണെന്നും തനിക്ക് ലൈംഗികശേഷിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണെന്നുമായിരുന്നു പ്രതിയുടെ വാദം.

Anweshanam
www.anweshanam.com