സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മാത്രം ജോലിയെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

ആശങ്കയിലായി ബംഗളൂരു മലയാളികള്‍.
സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മാത്രം ജോലിയെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: സ്വകാര്യതൊഴില്‍ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് എത്രയും വേഗം ഇറക്കുമെന്ന് നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി ജെസി മധുസ്വാമി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മലയാളികളടക്കം ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശങ്കയിലാണ്.

സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് കന്നഡ വികസന അതോറിറ്റി വര്‍ഷങ്ങളായി ഉന്നയിച്ചിരുന്നു. സ്വകാര്യ ഐടി മേഖലയില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ഇത് നടപ്പിലാക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നുക്കൊണ്ട് ഈ നടപടിയുമായി മുന്നോട്ടുപോകാന്‍ യെദിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമില്ലാത്ത സി,ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി നല്‍കാനും വൈദഗ്ധ്യമാവശ്യമുള്ള എ,ബി വിഭാഗങ്ങളില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഉത്തരവിറക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മെക്കാനിക്, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ തുടങ്ങിയവരാണ് സി.ഡി വിഭാഗത്തില്‍ പെടുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ളവരാണ് എ,ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാറ്റം വരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയിരുന്നു. ഇപ്പോള്‍ ഒരു പടി കൂടി കടന്നാണ് ചില വിഭാഗങ്ങളില്‍ കന്നഡികര്‍ക്ക് മാത്രം അവസരം നല്‍കണമെന്ന പുതിയ നീക്കത്തിലെത്തിയിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com