സ്വാമി അഗ്നിവേശ് അന്തരിച്ചു
India

സ്വാമി അഗ്നിവേശ് അന്തരിച്ചു

ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ആ​ര്യ​സ​മാ​ജം നേ​താ​വും പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വാ​മി അ​ഗ്നി​വേ​ശ് (80) അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം- ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വൈകീട്ട് ആറോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഡോക്ടര്‍മാര്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള മു​ന്‍ എം​എ​ല്‍​എ​യാ​യ അ​ഗ്നി​വേ​ശ് 1970-ലാ​ണ് ആ​ര്യ​സ​മാ​ജ​ത്തി​ന്‍റെ ത​ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ര്യ​സ​ഭ എ​ന്ന പ​രി​ഷ്‌​ക​ര​ണ പ്ര​സ്ഥാ​നം രൂ​പീ​ക​രി​ച്ച​ത്. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ അഗ്നിവേശ് പ്രവര്‍ത്തനമണ്ഡലമായി ഹരിയാന തെരഞ്ഞെടുത്തു. അദ്ദേഹം 77ല്‍ ഹരിയാന നിയമസഭയിലെത്തി, തൊഴില്‍വകുപ്പ് മന്ത്രിയായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്നിവേശ്‌ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.

കാവി ധരിച്ചപ്പോഴും അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ വാചാലനായി. ഇതിന്‍റെ പേരില്‍ കേരളത്തില്‍ എത്തിയപ്പോഴടക്കം കയ്യേറ്റം നേരിടേണ്ടി വന്നു. സ്ത്രീവിമോചനത്തിനും, പെണ്‍ഭ്രൂണഹത്യക്കുമെതിരെ സ്വാമി അഗ്നിവേശ് ശബ്ദിച്ചു. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് അണ്ണാഹസാരെ തുടങ്ങിവച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തിന്‍റയും ഭാഗമായി.

ഗോത്രവര്‍ഗ വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ 2018 ജൂലായിലാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചത്. ഏതാനും മാസങ്ങള്‍ക്കുശേഷം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോകവെ ഡല്‍ഹിയില്‍വച്ച് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com