×

രാം വിലാസ് പാസ്വാന്റെ മരണത്തിൽ അനുശോചിച്ച് രാഷ്‌ട്രീയ നേതാക്കൾ

google news
രാം വിലാസ് പാസ്വാന്റെ മരണത്തിൽ അനുശോചിച്ച് രാഷ്‌ട്രീയ നേതാക്കൾ

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍ജെപി നേതാവും ആയ രാം വിലാസ് പാസ്വാന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ്‌ കോവിന്ദും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ.

വാക്കുകള്‍ക്ക് അതീതമായ ദുഖം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. ഇത് രാജ്യത്തിന് ഒരിക്കലും നികത്താന്‍ സാധിക്കാത്ത ശൂന്യതയാണ്. രാം വിലാസ് പാസ്വാന്റെ മരണം വ്യക്തിപരമായ നഷ്ടം കൂടിയാണ്. തനിക്കൊരു സുഹൃത്തിനേയും സഹപ്രവര്‍ത്തകനേയും കൂടിയാണ് നഷ്ടമായിരിക്കുന്നത് എന്നും പ്രധാനമന്ത്രി കുറിച്ചു.

രാജ്യത്തിന് മികച്ച ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്ന് രാഷ്ട്രപതി അനുശോചിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു അദ്ദേഹമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നും രാഷ്ട്രപതി കുറിച്ചു.

രാജ്യത്തെ പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായുളള ഒരു കരുത്തുറ്റ ശബ്ദം ഇന്നില്ലാതായിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളോളം അമ്മയുടെ അയല്‍ക്കാരന്‍ ആയിരുന്ന രാംവിലാസ് പാസ്വാനും കുടുംബവുമായുളള വ്യക്തപരമായ അടുപ്പത്തെക്കുറിച്ചാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ആഴത്തില്‍ ദുഖിപ്പിക്കുന്നതാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

രാം വിലാസ് പാസ്വാന്റെ മരണവാര്‍ത്ത നടുക്കമുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. താന്‍ ഹൃദയത്തില്‍ നിന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവ് ആണ് പാസ്വാന്‍ എന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.

രാംവിലാസ് പാസ്വാന്റെ മരണം ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. തനിക്ക് ദീര്‍ഘകാലത്തെ ബന്ധം അദ്ദേഹവുമായുണ്ട്. അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടം ആണെന്നും രാജ്‌നാഥ് സിംഗ് കുറിച്ചു.

Tags