രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് ധനസഹായം ലഭിച്ചു: തെളിവുകള്‍ ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി

യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും ആരോപിച്ചിരുന്നു
രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് ധനസഹായം ലഭിച്ചു: തെളിവുകള്‍ ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോണ്‍ഗ്രസ് ഭരണകാലത്ത് ചൈനയില്‍ നിന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചതായും അതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നു൦ സ്‌മൃതി ഇറാനി പറഞ്ഞു. ഗാന്ധി കുടുംബത്തിന് ഈ ധനസഹായത്തിന്‍റെ പങ്ക് ലഭിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയത് സംസാരിക്കവേ ആണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി പറഞ്ഞു. ചൈനീസ് എംബസിയില്‍ നിന്ന് കോണ്‍ഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

പിഎം കെയെർസ് ഫണ്ടിന് ചൈനീസ് കമ്പനികള്‍ സംഭാവന നല്കിയിട്ടുണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടി നല്കുകയായിരുന്നു സ്മൃതി ഇറാനി. ചൈനീസ് എംബസിയിൽ ഗാന്ധി കുുടംബവും കോൺഗ്രസും രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപി തലവൻ ജെപി നദ്ദ രംഗത്തെത്തിയത്.

യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും ആരോപിച്ചിരുന്നു. 2005,2006,2007,2008 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചെലവഴിച്ചുവെന്നാണ് നദ്ദ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി പാവപ്പെട്ടവരെ സഹായിക്കാന്‍ ഉള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതില്‍ നിന്നുള്ള പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കി.

അക്കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബോര്‍ഡിലുണ്ടായിരുന്നത് സോണിയഗാന്ധിയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ അദ്ധ്യക്ഷയും സോണിയ ആണെന്നത് ശ്രദ്ധേയമാണ്. തികച്ചും അപലപനീയമാണ് ഇതെന്നും നദ്ദ പറഞ്ഞിരുന്നു. നദ്ദ നടത്തിയ ആരോപണങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിരിയ്ക്കുകയാണ്...

അതേസമയം, ഈ വിഷയത്തില്‍ ശിവസേന സ്വീകരിച്ചിരിക്കുന്ന നിലപാട് മറ്റൊന്നാണ്. ചൈനീസ് എംബസി പണം സംഭാവനയായി നൽകിയെന്ന ബിജെപിയുടെ കോൺഗ്രസിനെതിരായ വെളിപ്പെടുത്തൽ അതിർത്തിയിലെ ചൈനീസ് പ്രവർത്തനങ്ങളെ തടയുമോ? ചൈനീസ് അധിനിവേശവും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വിഷയവുമായി ഇതിനുള്ള ബന്ധം എന്താണെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

കൂടാതെ, നമ്മുടെ രാജ്യത്ത് കോൺഗ്രസ് മാത്രമല്ല നിരവധി രാഷ്ട്രീയ പാർട്ടികളും നേതാക്കളുമുണ്ട്. ഇവരും വിദേശരാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നവരാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് രണ്ട് തവണ ഇന്ത്യ സന്ദർശിച്ചുവെന്നും ശിവസേന മുഖപത്രത്തിലൂടെ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com