എന്തിനാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്? - രാഹുൽ ഗാന്ധി
India

എന്തിനാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്? - രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു

By News Desk

Published on :

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

"പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് അടിയറ വച്ചു. അത് ചൈനയുടെ ഭൂമിയാണെങ്കില്‍, 1. എന്തിനാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്? 2. അവർ എവിടെ വെച്ചാണ് കൊല്ലപ്പെട്ടത്?" - എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ നടത്തിയ പ്രതികരണം. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കൈവശം ഇല്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന കൈയ്യേറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയാണ് രാഹുലിന്റെ പ്രസ്താവന.

ചൈനയുമായുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ച പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനൊടുവിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ കടന്നുകയറിയ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

ചൈനയുടെ ലഡാക്ക് ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി സർക്കാരിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ചൈനയുടെ ലഡാക്ക് ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്നും എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു എന്നും അതുകൊണ്ടാണ് ഇന്ത്യക്ക് ജവാന്മാരുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നത് എന്നും അദ്ദേഹം ഇന്നലെ വിമര്‍ശിച്ചിരുന്നു.

Anweshanam
www.anweshanam.com