മോദി രാജ്യത്തെ കളിപ്പാട്ട കേന്ദ്രമാക്കുന്നു; രാഹുല്‍ ഗാന്ധി
India

മോദി രാജ്യത്തെ കളിപ്പാട്ട കേന്ദ്രമാക്കുന്നു; രാഹുല്‍ ഗാന്ധി

വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ മോദി കളിപ്പാട്ടങ്ങളുടെ മേല്‍ ചര്‍ച്ച നടത്തുന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: ലോകത്തിന് വേണ്ടി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്താന്‍ പോകുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ മോദി രാജ്യത്തെ കളിപ്പാട്ട കേന്ദ്രമാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ജെഇഇ-നീറ്റ് പരീക്ഷയെഴുതുന്നവര്‍ മോദിയോട് പരീക്ഷയില്‍ ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ മോദി ഇവിടെ കളിപ്പാട്ടങ്ങളുടെ മേല്‍ ചര്‍ച്ച നടത്തുന്നു,’ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. മന്‍കി ബാത്ത് നഹി സ്റ്റുഡന്‍റ്സ് കി ബാത്ത് എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മോദി ഇന്നത്തെ മന്‍കിബാത്തില്‍ കുട്ടികളുടെ വികാസത്തിന് കളിപ്പാട്ടങ്ങള്‍ പ്രധാനമാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യ കളിപ്പാട്ട നിര്‍മാണത്തില്‍ അതിന്റെ നേതൃത്വ നിലയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് നിരവധി പ്രദേശിക കളിപ്പാട്ടങ്ങളുടെ ശേഖരം തന്നെയുണ്ട്. ലോകത്ത് കളിപ്പാട്ടത്തിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കും,’ പ്രധാനമന്ത്രി പറഞ്ഞു. ജെഇഇ-നീറ്റ് പരീക്ഷ നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ തോല്‍വികളില്‍ വിട്ട് വീഴ്ച ചെയ്യാനുള്ളതല്ല വിദ്യാര്‍ത്ഥികളുടെ സുരക്ഷയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. വിവിധ ബിജെപി ഇതര സര്‍ക്കാരുകള്‍ ജെഇഇ നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രത്തെ സമീപിച്ചിരുന്നു.

Anweshanam
www.anweshanam.com