ലഹരിയാകുന്ന ഓണ്‍ലൈന്‍ ചൂതാട്ടം; നിരോധിക്കാനുള്ള നടപടി ആവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാരും

കേന്ദ്ര നിയമ- നീതിന്യായ മന്ത്രി രവിശങ്കർ പ്രസാദിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകി
ലഹരിയാകുന്ന ഓണ്‍ലൈന്‍ ചൂതാട്ടം; നിരോധിക്കാനുള്ള നടപടി ആവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാരും

പുതുച്ചേരി: ഓണ്‍ലൈന്‍ ചൂതാട്ടമെന്ന ലഹരിയ്ക്ക് അടിമപ്പെട്ട് യുവാക്കളുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന ഗൗരവതരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇത് മുന്‍ നിര്‍ത്തി ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകളുടെ അതിപ്രസരം നിയന്ത്രിക്കുന്നതില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാരും മുന്നോട്ട് വന്നിരിക്കുകയാണ്. ഓൺ‌ലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയാണ് അറിയിച്ചത്.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ 30 ലക്ഷം രൂപ നഷ്ടമായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിനായുള്ള നടപടികള്‍ തന്‍റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായി നിരവധി അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Also Read: "രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ"

ഓൺ‌ലൈൻ ചൂതാട്ടം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും അതിനാൽ കേന്ദ്ര നിയമ- നീതിന്യായ മന്ത്രി രവിശങ്കർ പ്രസാദിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി യുവാക്കളുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗെയിമിന്‍റെ നിരോധനത്തിന് പിന്നിലും സര്‍ക്കാരിന്‍റെ നിരന്തര ഇടപെടല്‍ ഉണ്ടായിരുന്നു. ഇതു പോലെ ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകളുടെ കാര്യത്തില്‍ അടിയന്തര നടപടിക്കുള്ള ഇടപെടല്‍ നടത്തുമെന്ന് നാരായണസാമി കൂട്ടിച്ചേര്‍ത്തു.

പുതുച്ചേരി വിളിയന്നൂരില്‍ സിം കാര്‍ഡ് മൊത്ത വില്‍പനക്കാരനായ വിജയകുമാറാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന സമയത്തു തുടങ്ങിയ കളിയാണ് എട്ടുമാസത്തിനുള്ളില്‍ യുവാവിന്റെ ജീവനെടുത്തത്.

'ഭാര്യയും രണ്ടുമക്കളുമൊന്നിച്ചു നല്ലനിലയില്‍ ജീവിച്ചുവരുന്നതിനിടെയാണ് ഇടിത്തീയായി കോവിഡും ലോക്ക് ഡൗണുമെത്തിയത്. കച്ചവടം നിലച്ചു. വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ മടുപ്പ് അകറ്റാനാണ് ഓണ്‍ലൈന്‍ റമ്മി കളിച്ചുതുടങ്ങിയത്. തുടക്കത്തില്‍ പണം കിട്ടിയതോടെ ലഹരിമരുന്നു പോലെ അടിമയായി’– വിജയകുമാര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

Also Read: "ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം; ചിന്തിക്കാന്‍ സമയമായി കേരളമേ..."

കളി ആവേശമായി പടര്‍ന്നുകയറി. ബിസിനസിലൂടെ നേടിയ സമ്പാദ്യങ്ങള്‍ നഷ്ടമായി. പോയതെല്ലാം തിരികെ പിടിക്കാന്‍ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി പിന്നെയും കളിച്ചു. 30 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്. കടം നല്‍കിയവര്‍ വീട്ടിലെത്തി സമ്മര്‍ദ്ദം തുടങ്ങിയതോടെ വിജയ്കുമാറിനു മുന്നില്‍ മറ്റു വഴികളില്ലാതായി.

കഴിഞ്ഞ 18ാം തീയതി രാത്രി പുതുകുപ്പം റോഡിലെ തടാകത്തിനു സമീപത്തു വച്ച് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു വിജയകുമാര്‍. കടബാധ്യതയുടെ വിവരങ്ങള്‍ ഭാര്യ മധുമിതയ്ക്കു വാട്സാപ് സന്ദേശമായി അയച്ചതിനു ശേഷമായിരുന്നു കടുംകൈ.

എല്ലാത്തിനും കാരണമായ ഓണ്‍ലൈന്‍ റമ്മികള്‍ നിരോധിക്കാന്‍ സർക്കാരിനോടു ആവശ്യപെടുന്ന സന്ദേശത്തിൽ ഭാര്യയോട് മാപ്പു ചോദിക്കുന്നുണ്ട് വിജയകുമാർ. സംഭവത്തില്‍ പുതുച്ചേരി മംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ അനേകായിരം വിജയകുമാര്‍മാരാണ് ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകളുടെ വലയില്‍ കുരുങ്ങി മുന്നോട്ടെന്തെന്നറിയാതെ ജീവന്‍ ബലികൊടുക്കുന്നത്. വാര്‍ത്തകളാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. പറ്റിക്കപ്പെട്ടവരും, കെണി മനസ്സിലാക്കിയവരും, കടബാധ്യതയുടെയും കെട്ടഴിഞ്ഞ ജീവിതത്തിന്‍റെയും ഇടയില്‍ ചക്രശ്വാസം വലിക്കുന്നവരും നിരവധിയാണ്. ഓണ്‍ലൈന്‍ ചൂതാട്ടം എന്നെന്നേക്കുമായി നിരോധിക്കാനുള്ള ഏതൊരു ചെറിയ നടപടിയും നിര്‍ണ്ണായകമാകുന്നത് ഈ സാഹചര്യത്തിലാണ്.

Related Stories

Anweshanam
www.anweshanam.com