സാമൂഹ്യ അകലവും നിയന്ത്രണങ്ങളുമില്ല; സുപ്രീം കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി പുരി രഥയാത്ര  
India

സാമൂഹ്യ അകലവും നിയന്ത്രണങ്ങളുമില്ല; സുപ്രീം കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി പുരി രഥയാത്ര  

ജനപങ്കാളിത്തമില്ലാതെ രഥയാത്ര നടത്താനായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

News Desk

News Desk

ഭുവനേശ്വര്‍: സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. ജനപങ്കാളിത്തമില്ലാതെ കടുത്ത നിയന്ത്രണങ്ങളില്‍ ചടങ്ങ് മാത്രമായി രഥയാത്ര നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് കടകവിരുദ്ധമായാണ് പുരിയിലെ രഥയാത്ര നടന്നത്.

പുരി ജഗന്നാഥ ക്ഷേത്രത്തിന് പുറത്തായി നൂറ് കണക്കിന് ആളുകളാണ് കൂട്ടം കൂടി രഥയാത്രയ്ക്ക് തയ്യാറെടുത്ത് നിന്നത്. മാസ്‌ക്കോ സാമൂഹ്യ അകലമോ പാലിക്കാതെ നിയന്ത്രണങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടാണ് നടപടി. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ പിന്നീട് പൊലീസ് ഇടപെട്ട് രഥം തള്ളുന്നവരുടെ എണ്ണം കുറച്ചു. പൊലീസുകാരും ക്ഷേത്ര അധികൃതരുമായിരുന്നു രഥം തള്ളാനായി നിന്നത്. മറ്റുള്ള മുഴുവന്‍ ആളുകളും കൂട്ടത്തോടെ രഥത്തിന് മുന്‍പിലായി നടക്കുകയായിരുന്നു.

ജനപങ്കാളിത്തമില്ലാതെ രഥയാത്ര നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയതുകൊണ്ട് തന്നെ കോവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

ഇന്നലെ രഥയാത്രയ്ക്ക് അനുമതി തേടിയ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിചിത്രവാദങ്ങളായിരുന്നു ഉന്നയിച്ചത്. തുടര്‍ന്നുവരുന്ന ആചാരം തടസപ്പെടുത്തരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്.

നേരത്തെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. രഥയാത്രക്ക് അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞാണ് കോടതി യാത്ര സ്റ്റേ ചെയ്തിരുന്നത്. എന്നാല്‍, ഒഡിഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും രഥയാത്ര വിശ്വാസത്തിന്റെ ഭാഗമാണെന്നും വിലക്കാനാകില്ലെന്നും നിലപാടെടുത്തു.

കോവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും പാലിച്ച് രഥയാത്ര അനുവദിക്കണമെന്ന് ഇരുസര്‍ക്കാരുകളും കോടതിയോട് ആവശ്യപ്പെട്ടതോടെ സുപ്രീം കോടതി രഥയാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. 10 മുതല്‍ 12 വരെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്.

Anweshanam
www.anweshanam.com