
ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാരാണിതെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. കോവിഡ്, യുഎപിഎ അടക്കമുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
‘കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ല, ഡോക്ടര്‍മാരുടെ മരണത്തിലുമില്ല. പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജുള്ള രേഖകള്‍! ഒരു ധാരണയുമില്ലാത്ത സര്‍ക്കാര്‍ മാത്രമല്ലിത്, എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാര്‍ കൂടിയാണ്,’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
നേരത്തെ കോവിഡ് ബാധിച്ച് മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുഴുവന്‍ കണക്കുകള്‍ ഇതുവരെ രേഖപ്പെടുത്തിവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 11 ലക്ഷം പേജുള്ള രേഖകളാണ് ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പൊലീസ് തയ്യാറാക്കിയത്.