രാമരാജ്യവും യമരാജ്യവും'; യുപിയെയും,കേരളത്തെയും താരതമ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍

ഇത് നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്
രാമരാജ്യവും യമരാജ്യവും'; യുപിയെയും,കേരളത്തെയും താരതമ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍

പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്.

'കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം' എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഇത് നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

കേരളത്തിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവയാണ് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറ്റവും അവസാനമാണ്.

സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ വിലയിരുത്തിയിരിക്കുന്നത്. പക്ഷപാതരാഹിത്യം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പി.എ.സി പറഞ്ഞു.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ പി.എ.ഐ 2020 സൃഷ്ടിക്കുന്ന തെളിവുകളും അത് നല്‍കുന്ന ഉള്‍ക്കാഴ്ചകളും ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട് കസ്തൂരിരംഗന്‍ സംസാരിച്ചത്.

മികച്ച ഭരണമുള്ള സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കേരളം (1.388 പിഎഐ ഇന്‍ഡെക്‌സ് പോയിന്റ്), തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിങ്ങനെയാണ് പോയിന്റ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com