കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ല; പ്രശാന്ത് ഭൂഷണ്‍
India

കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ല; പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി.

News Desk

News Desk

ന്യൂ ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി തള്ളി. കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹര്‍ജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചു. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്.

പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് ആഗസ്റ്റ് 14 നാണ് സുപ്രീംകോടതി വിധിച്ചത്. ഭൂഷണെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Anweshanam
www.anweshanam.com