നിയന്ത്രണരേഖയില്‍ മാറ്റം വരുത്താനുള്ള നടപടിഅംഗീകരിക്കില്ല;കേന്ദ്രം
India

നിയന്ത്രണരേഖയില്‍ മാറ്റം വരുത്താനുള്ള നടപടിഅംഗീകരിക്കില്ല;കേന്ദ്രം

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് കേന്ദ്രം

News Desk

News Desk

ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് കേന്ദ്രം. നിയന്ത്രണരേഖയില്‍ മാറ്റം വരുത്താനുള്ള ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കയ്യേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയ വിവാദം. ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യൂ വരിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. രാഹുലിന്റേത് തരംതാണ രാഷ്ട്രീയമെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന കരസേന മേധാവിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രസ്താവനകള്ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാട്ടി. വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പിറക്കി.

ചൈനയുടെ അതിക്രമത്തിന് മുന്നില്‍ ഇന്ത്യയുടെ ഭൂപ്രദേശം നരേന്ദ്ര മോദി അടിയറവച്ചുവെന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പറഞ്ഞത്. ചൈന ഭൂമി കയ്യേറിയിട്ടില്ലെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധി കളിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. ദേശീയ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഗല്‍വാനിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികന്റെ പിതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവന പങ്കുവച്ചായിരുന്നു അമിത്ഷായുടെ വിമര്‍ശനം. </p>

ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി എല്‍.എ.സിയുടെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ചൈന ശ്രമിച്ചുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെയും കരസേനയുടെയും പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പി ചിദംബരത്തിന്റെ വിമര്‍ശനം.

പ്രസ്താവനയ്ക്ക് തെറ്റായ വ്യാഖ്യാനം കൊടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. അതിര്‍ത്തിക്കപ്പുറത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈന ശ്രമിച്ചു. ഇന്ത്യന്‍ സൈന്യം ഇത് തടഞ്ഞു. സൈന്യം കനത്ത തിരിച്ചടി നല്‍കി. ഭൂപടത്തിലുള്ള പ്രദേശങ്ങളെല്ലാം ഇന്ത്യയുടെതാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്ത് ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത് അതിര്‍ത്തിക്ക് അപ്പുറത്താണ് നിര്‍മാണ പ്രവര്‍ത്തനമെന്നാണ്. ഈ രണ്ട് പ്രസ്താവനകളിലെ വൈരുദ്ധ്യവും ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ചൈനയുടെ വാദങ്ങള്‍ ശരിവക്കുന്നതാണെന്ന് അവകാശപ്പെട്ട് ചില ചൈനീസ് മാധ്യമങ്ങളും നയതന്ത്ര വിദഗ്ദരും രംഗത്തെത്തി.

Anweshanam
www.anweshanam.com