കോവിഡ് രോ​ഗികൾക്ക് സൗജന്യ ഓക്സിമീറ്റർ നൽകും; പഞ്ചാബ് മുഖ്യമന്ത്രി
India

കോവിഡ് രോ​ഗികൾക്ക് സൗജന്യ ഓക്സിമീറ്റർ നൽകും; പഞ്ചാബ് മുഖ്യമന്ത്രി

50000 ഓക്സിമീറ്റർ‌ നൽകാനാണ് തീരുമാനം.

News Desk

News Desk

ഹരിയാന: പഞ്ചാബിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് സൗജന്യമായി ഓക്സിമീറ്റർ നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിലെ എല്ലാ ​ഗ്രാമങ്ങളിലും തെരുവുകളിലും സമീപപ്രദേശങ്ങളിലും ആം ആദ്മി പാർട്ടി പ്രവർ‌ത്തകർ ഓക്സിമീറ്റർ നൽകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദർ സിം​ഗ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 50000 ഓക്സിമീറ്റർ‌ നൽകാനാണ് തീരുമാനം. പഞ്ചാബിലെ ജനങ്ങൾക്ക് ഓക്സിമീറ്റർ നൽകാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തെ അമരീന്ദർ സിം​ഗ് എതിർത്തിരുന്നു. പഞ്ചാബിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്സിമീറ്റർ ഞങ്ങൾക്ക് വേണ്ട എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആം ആദ്മി പാർട്ടി ഉപയോ​ഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓക്സിമീറ്റർ നൽകുമെന്ന് കെജ്‍രിവാൾ വീഡിയോ സന്ദേശം നൽകിയത് ബുധനാഴ്ചയാണെന്നും എന്നാൽ ചൊവ്വാഴ്ച തന്നെ ഓക്സിമീറ്റർ വാങ്ങാനുള്ള ടെണ്ടർ പഞ്ചാബ് സർക്കാർ‌ സ്വീകരിച്ചതായുമാണ് അമരീന്ദർ സിം​ഗ് വ്യക്തമാക്കുന്നത്. കെജ്‍രിവാളിന്റെ പ്രഖ്യാപനത്തെ തുടർന്നല്ല സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ​രോ​ഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക എന്നത്. ഓക്സിമീറ്റർ വിതരണം ചെയ്യുന്നത് വഴി ജനങ്ങൾക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് സ്വയം പരിശോധിക്കാൻ‌ സാധിക്കും. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോ​ഗികൾക്ക് ഉടൻ തന്നെ ആശുപത്രിയിലെത്താനും കഴിയും.

Anweshanam
www.anweshanam.com