പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
India

ഇന്ത്യ-ചൈന സംഘർഷം: ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്ക് 20,000 പട്ടാളക്കാരെ അയച്ച് പാകിസ്ഥാന്‍

നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പാകിസ്ഥാൻ 20,000 സൈനികരെ വിന്യസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

By News Desk

Published on :

ശ്രീന​ഗ‍ർ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്നതിനിടെ നിയന്ത്രണരേഖയിൽ പ്രകോപനപരമായ നീക്കവുമായി പാകിസ്ഥാൻ. നിയന്ത്രണരേഖയിലേക്ക് 20,000 ലധികം വരുന്ന സൈനികരെ പാകിസ്ഥാന്‍ വിന്യസിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പാകിസ്ഥാൻ 20,000 സൈനികരെ വിന്യസിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാനിലെ ​ഗിൽജിത് ബാൾടിസ്ഥാൻ മേഖലയിൽ നിന്നുമാണ് ഇത്രയും സൈന്യത്തെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം അതിർത്തിയിൽ വിന്യസിച്ചതിലും അധികം സൈനികരെ പാകിസ്ഥാൻ ഇപ്പോൾ നിയന്ത്രണരേഖയിലേക്ക് എത്തിച്ചുവെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്ഥാനിലെയും ചൈനയിലെയും സൈനിക ഉദ്യോഗസ്ഥര്‍ നിരന്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ രീതിയില്‍ ഇന്ത്യയ്ക്ക് എതിരേ ഒരുമിച്ചുള്ള ഒരു നീക്കത്തിനാണ് ഇരു രാജ്യം ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പാകിസ്താന്റെ ലഡാക്കിലേക്കുള്ള സൈനിക നീക്കമെന്നുമാണ് സംശയിക്കുന്നത്. ബലാക്കോട്ടെ വ്യോമാക്രമണ സമയത്ത് വിന്യസിപ്പിച്ചതിലധികം സൈനികരെയാണ് ഇപ്പോള്‍ സ്ഥലത്തേക്ക് നീക്കിയിട്ടുള്ളതെന്നാണ് വിവരം.

പാക് സൈനിക നീക്കം തിരിച്ചറിഞ്ഞതിന് പിന്നാലെ വിവിധ രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഏജൻസികളും പ്രതിരോധതന്ത്രങ്ങൾക്കായി ആലോചന ശക്തമാക്കിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോ‍ർട്ട് ചെയ്യുന്നു. ലഡാക്ക് അതി‍ർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കാൻ പാകിസ്ഥാൻ ശ്രമിച്ചേക്കാനുള്ള സാധ്യതയും രഹസ്യാന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. പാകിസ്ഥാൻ്റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

1999 ല്‍ കാര്‍ഗില്‍ യുദ്ധം നടന്ന കാര്‍ഗില്‍ - ദ്രാസ് മേഖലയ്ക്ക് സമീപമുള്ള പാക് അധീനതയിലുള്ള ഇന്ത്യന്‍ പ്രദേശമാണ് ഗില്‍ജിത് - ബാള്‍ട്ടിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ ചൈനയുടെ സൈനികര്‍ നിലയുറപ്പിച്ചിരിക്കെ പാകിസ്ഥാനും ഇവിടേയ്ക്ക് സൈനികരെ അയച്ചിരിക്കുകയാണ്.

അതേസമയം ഇന്നലെ ഇന്ത്യയുടെയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

നേരത്തേ ലഡാക്കില്‍ ഇന്ത്യാ - ചൈനാ ചര്‍ച്ചകള്‍ പുരോഗമിക്കുമ്ബോള്‍ കശ്മീരില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്.

Anweshanam
www.anweshanam.com