ആണവായുധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കും: പാക് മന്ത്രി

പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദാണ് വിവാദ പരാമര്‍ശം നടത്തിയത്.
ആണവായുധത്തിലൂടെ ഇന്ത്യയെ  തോല്‍പ്പിക്കാന്‍ സാധിക്കും: പാക് മന്ത്രി

ന്യൂ ഡല്‍ഹി: ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാകിസ്ഥാനിലെ മന്ത്രി. പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദാണ് വീണ്ടും വിവാദ പരാമര്‍ശവുമായി എത്തിയിട്ടുള്ളത്. കുപ്രസിദ്ധമായ ഐഎസ്ഐ ചാര സംഘടനയുടെ ശബ്ദമായാണ് പാക് മന്ത്രിസഭയില്‍ ഷെയ്ഖ് റഷീദ് അറിയപ്പെടുന്നതെന്താണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പാക് റെയില്‍വേ മന്ത്രിയുടെ വിവാദ പരാമര്‍ശം. പരമ്പരാഗത യുദ്ധമുറകളില്‍ ഇന്ത്യന്‍ സേന പാക് സേനയേക്കാള്‍ ഏറെ മുന്‍പിലാണ്. അതിനാല്‍ തന്നെ അണുആയുധങ്ങളുടെ ചെറുപതിപ്പുകള്‍ നിര്‍മ്മിക്കുകയാണ് പാകിസ്ഥാനെന്നാണ് മന്ത്രി അവകാശപ്പെട്ടത്.

ഇന്ത്യയിലെ മുസ്ലിമുകളെ ഒഴിവാക്കിയാവും പാകിസ്ഥാന്‍റെ ആണവായുധ പ്രയോഗമെന്നും കൃത്യതയോടെ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നുമാണ് ഷെയ്ഖ് റഷീദിന്‍റെ ഭീഷണി. പരമ്പരാഗത രീതിയില്‍ ഇന്ത്യയുമായുള്ള പോരാട്ടം ജയിക്കാന്‍ പാകിസ്ഥാന് സാധ്യതയില്ല. ആസാം വരെ നശിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള അറ്റോമിക് ബോംബുകളാണ് പാകിസ്ഥന്‍റെ പക്കലുള്ളതെന്നുമാണ് ഷെയ്ഖ് റഷീദ് പറഞ്ഞത്.

സമാനമായ രീതിയില്‍ വിവാദമായ പരാമര്‍ശങ്ങളുമായി ഇതിനുമുന്‍പും ഇന്ത്യയെ വെല്ലുവിളിച്ചിട്ടുണ്ട് ഈ മന്ത്രി. 125 മുതല്‍ 250 ഗ്രാം ഭാരമുള്ള ചെറിയ ആറ്റം ബോംബുകള്‍ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ നിക്ഷേപിക്കുമെന്നായിരുന്നു 2019 സെപ്തംബറില്‍ ഷെയ്ഖ് റഷീദ് പറഞ്ഞത്. പാകിസ്ഥാന്‍ സേനാ മേധാവിയുടെ സൌദി സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇത്തരം പരാമര്‍ശങ്ങളെന്നാണ് നിരീക്ഷണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com