കശ്മിർ ഭീകരവാദം; പാക് പട്ടാള-തീവ്രവാദ സംഘടനകളുടെ ഏകോപിത പ്രവർത്തനങ്ങൾ

ഐ‌എസ്‌ഐയുടെ സജീവ പിന്തുണയോടെയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഏകോപിത ആക്രമണങ്ങൾ.
കശ്മിർ ഭീകരവാദം; പാക് പട്ടാള-തീവ്രവാദ സംഘടനകളുടെ ഏകോപിത പ്രവർത്തനങ്ങൾ

ന്യൂ ഡല്‍ഹി: കശ്മിർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തായ്ബ (എൽഇടി) എന്നീ സംഘടനകളുമായി റാവൽപിണ്ടി പാക് പട്ടാള ജനറൽ ആസ്ഥാനം കൂട്ടായി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള ഏകോപിത പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് ഈ സംഘടനകൾ നടത്തുന്ന ഭീകരാക്രമണങ്ങളെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാൻ ആസ്ഥാനമായാണ് ഈ തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസി ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐ‌എസ്‌ഐ) സജീവ പിന്തുണയോടെയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഏകോപിത ആക്രമണങ്ങൾ.

കഴിഞ്ഞ വർഷം ആഗസ്തിൽ കേന്ദ്രം ജമ്മു കശ്മീർ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കി. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി- ജമ്മു കശ്മിർ, ലഡാക്ക്. ഈ പശ്ചാത്തലത്തിൽ പാക് പട്ടാള- തീവ്രവാദ സംഘടനകളുടെ ഏകോപിത തീവ്രവാദ പ്രവർത്തനങ്ങൾ കശ്മിർ താഴ്വരയിൽ കനത്തതായും പറയുന്നു.

നിരോധിത തീവ്രവാദ സംഘടനകളായ എൽഇടി, ജെഎം, ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), താലിബാൻ എന്നിവരുടെ മുതിർന്ന നേതാക്കൾ ജമ്മു കശ്മിരിലെ തീവ്രവാദ പ്രവർത്തനങ്ങളെ ചുക്കാൻ പിടിക്കുന്ന ജയ്ഷ് കമാൻഡർ മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ കശ്മീരിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ഏജൻസികളും തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടു പറയുന്നു.

രഹസ്യ വിവരമനുസരിച്ച് ആദ്യ പ്രധാന യോഗം നടന്നത് 2019 ഡിസംബർ 27 നാണ്. ജമഅത്ത് ഉദ്-ദാവ ജനറൽ സെക്രട്ടറിയും എൽഇടി മേധാവിയുമായ അമീർ ഹംസ ജെ‌എം മുതിർന്ന പ്രവർത്തകരുമായി ചർച്ച നടത്തി. ഇന്ത്യയ്‌ക്കെതിരെ ഭീകര പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമുള്ള സംയുക്ത തന്ത്രം ആവിഷ്കരിക്കുന്നതിനായിരുന്നു ബഹാവൽപൂർ മർകസ് സുഭാൻ അല്ലാഹിൽ വച്ചുള്ള ഈ സംയുക്ത കൂടിക്കാഴ്ച.

പാക് ഭരണകൂട പിന്തുണയോടെ തുടർ യോഗങ്ങൾ 2020 ജനുവരി മൂന്നു മുതൽ എട്ടുവരെയും ജനുവരി 19 നും ഇസ്ലാമാബാദിൽ നടന്നു. ഈ യോഗങ്ങളിൽ ആഗോള തലത്തിൽ തന്നെ ഇസ്ലാമിക ഭീകരവാദ നേതൃത്വങ്ങളിലെ നോട്ടപ്പുള്ളികളായ ജയ്ഷ്-ഇ-മുഹമ്മദ് പരമോന്നത തലവൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗർ, ജയ്ഷ്-ഇ-മുഹമ്മദ് മുഖ്യൻ മസൂദ് അസ്ഹറിൻ്റെ സഹോദരൻ മൗലാനാ അമ്മാർ, ലഷ്കർ മുഖ്യ കമാൻ്റർ സാക്കി ഉർ റഹ്മാൻ ലഖ്വി, അമീർ ഹംസ തുടങ്ങിയവർ പങ്കെടുത്തു.

അധിനിവേശ കശ്മീരിലെ ലഷ്കർ പ്രവർത്തകരുമായി സമ്പർക്കം സ്ഥാപിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനുള്ള ചുമതല മുഫ്തി അസ്ഗർ കശ്മീരിക്ക് നൽകുവാൻ യോഗം തീരുമാനിച്ചു. എൽഇടി, ജെ‌എം, എച്ച്എം കമാൻഡർമാർ പങ്കെടുത്ത രണ്ടാമത്തെ പ്രധാന കൂടിക്കാഴ്ച മെയ് ഏഴിന് ഇസ്ലാമാബാദിലായിരുന്നു. ആയുധ ശേഷി വർദ്ധിപ്പിക്കൽ, ആയുധങ്ങൾ പങ്കിടൽ, നുഴഞ്ഞു കയറ്റക്കാരുടെ പിന്തുണ തുടങ്ങിയവയിൽ പ്രത്യേക ഊന്നൽ നൽകി മെച്ചപ്പെട്ട പ്രവർത്തന ശേഷികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതായിരുന്നു യോഗതീരുമാനം.

ജമ്മു കശ്മിരിലെ എല്ലാ ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഹിസ്ബുൾ (എച്ച്എം) ഏറ്റെടുക്കുമെന്നതായിരുന്നു മറ്റൊരു തീരുമാനം. കശ്മിർ താഴ്‌വരയിലും ജമ്മുവിലും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എച്ച്എം മേധാവി സയ്യിദ് സലാഹുദ്ദീൻ കശ്മീരിയും അധിനിവേശ കശ്മീരിലെ ലഷ്കർ മേധാവിയും പാക് പട്ടാളവും കശ്മിർ തീവ്രവാദ പദ്ധതികൾ ആവ‌ഷ്കരിക്കുന്നു. അവ നടപ്പിലാക്കുന്ന ചുമതല ജയ്ഷ്, എൽ‌ടി, ഹിസ്ബുൾ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അടിവരയിടുന്നത്. ജമഅത്ത് ഉദ്-ദാവ നേതാവുമായ അബ്ദുൽ അസീസ് ആൽവിയെയും ചുമതലപ്പെടുത്തിയതായും ഇന്ത്യൻ രഹസ്യാന്വേഷന്ന റിപ്പോർട്ട് പറയുന്നു.

മെയ് ഏഴിലെ സംയുക്ത യോഗത്തിന് മുന്നോടിയായി കശ്മിർ ഭീകരവാദ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മുഫ്തി അസ്ഗർ കശ്മീരിയും സലാഹുദ്ദീനും പാക് അധിനിവേശ കശ്മിരിലെ മുസഫർബാദിൽ വച്ച് കൂടികാഴ്ച്ച നടത്തിയിരുന്നതായും ഇന്ത്യൻ രഹസ്യാന്വേഷ ണ റിപ്പോർട്ടിലുണ്ട്. പാക് പട്ടാളം കശ്മിർ തീവ്രവാദ പദ്ധതികൾ ആവ‌ഷ്കരിക്കുന്നു. അവ നടപ്പിലാക്കുന്ന ചുമതല ജയ്ഷ്, എൽ‌ടി, ഹിസ്ബുൾ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അടിവരയിടുന്നത്.

Related Stories

Anweshanam
www.anweshanam.com