കോവിഡ് 'ദൈവനിശ്ചയം'; സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയേക്കാമെന്ന് നിര്‍മലാ സീതാരാമന്‍
India

കോവിഡ് 'ദൈവനിശ്ചയം'; സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയേക്കാമെന്ന് നിര്‍മലാ സീതാരാമന്‍

കോവിഡ് 19 ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു

News Desk

News Desk

ന്യൂഡല്‍ഹി: കോവിഡ് 19 ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്-ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമായേക്കാമെന്നും അവര്‍ പറഞ്ഞു.' ഈ വര്‍ഷം നമ്മള്‍ അസാധാരണമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ദൈവ പ്രവൃത്തിയെയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നമുക്ക് ഒരു സാമ്പത്തിക തളര്‍ച്ച കാണാന്‍ സാധിക്കും' നിര്‍മല പറഞ്ഞു.

1.65 കോടി രൂപ 2020 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നല്‍കിയെന്നും 13,806 കോടി രൂപ മാര്‍ച്ചില്‍ അനുവദിച്ചുവെന്നും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പിന്നീട് ചര്‍ച്ച ചെയ്യുമെന്നും നികുതി നഷ്ടം ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിലൂടെ കൂടുതല്‍ കടമെടുക്കാമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഏകദേശം 3 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാരമായി ഈ വര്‍ഷം നല്‍കേണ്ടി വരിക. 1.50 ലക്ഷം കോടിയാണ് ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളില്‍ നല്‍കാനുള്ളത്. റിസര്‍വ് ബാങ്കില്‍ നിന്നും പണം കടമെടുക്കാനുള്ള സാദ്ധ്യതയെ പറ്റി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. നികുതി കൂട്ടുന്ന കാര്യത്തില്‍ യോഗത്തില്‍ ചര്‍‌ച്ച നടന്നില്ല.

ജി.എസ്.ടി കുടിശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമപരമായ ബാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. നികുതി പിരിവ് കുറഞ്ഞതിനാല്‍ തങ്ങള്‍ക്ക് അത് കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നികുതി വരുമാനത്തിന്റെ നിശ്ചിത വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് ജി.എസ്.ടി കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കുറേ നാളായി ഇത് മുടങ്ങി. സംസ്ഥാനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ന്നത്.

Anweshanam
www.anweshanam.com