പറന്ന് പറന്ന് ജോദ്പൂരില്‍
India

പറന്ന് പറന്ന് ജോദ്പൂരില്‍

ഡെമോസെല്‍ കൊക്കുകള്‍ ഈ വര്‍ഷം പതിവിലും നേരത്തെ ജോധ്പൂരിലെത്തി.

News Desk

News Desk

ജോദ്പൂര്‍: ഡെമോസെല്‍ കൊക്കുകള്‍ ഈ വര്‍ഷം പതിവിലും നേരത്തെ ജോധ്പൂരിലെത്തി. ദേശാടന പക്ഷികളാണ്. പ്രാദേശികമായി കുര്‍ജയെന്നാണിവ അറിയപ്പെടുന്നത് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ശൈത്യകാലത്ത് സുഖകരമായ മേച്ചില്‍പ്പുറങ്ങള്‍ തേടി ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്ന് ഈ ദേശാടന പക്ഷികള്‍ എല്ലാ വര്‍ഷവും ജോദ്പൂരിലെ ജലാശയങ്ങളിലെത്തുന്നു. ഇതുവരെ നാല് കൂട്ടമായി കുര്‍ജകള്‍ ജോധ്പൂര്‍ ജില്ലയിലെ ഖിച്ചന്‍ ഗ്രാമത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കുര്‍ജയുടെ ആദ്യ കൂട്ടം സെപ്റ്റംബര്‍ നാലിനെത്തി. ഇക്കുറി സെപ്റ്റംബര്‍ ഒന്നിന് മൂന്ന് കൂട്ടങ്ങള്‍ ഒരുമിച്ചെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ 350 ല്‍ അധികം കുര്‍ജകള്‍ നാല് കൂട്ടമായി ഇവിടെയെത്തിയിട്ടുണ്ട്- പ്രാദേശിക പക്ഷി നിരീക്ഷകന്‍ സേവാരം മാലി പറയുന്നു. അടുത്ത ദിവസങ്ങളില്‍ ആയിരക്കണക്കിന് അതിഥികളെത്തിച്ചേരുവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ ജോധ്പൂരിലെത്തുന്ന ഇവ മാര്‍ച്ച് അവസാന വാരത്തോടെ ഉറവിട ദേശത്തേക്ക് തിരിച്ചുപറക്കും. ദേശാന്തര ഗമന പക്ഷികള്‍ ജോധ്പൂരിലെ ജലാശയങ്ങളില്‍ തുടിക്കുന്നത് കാണുന്നത് രസര കരമാണ്. അതൊരു ശുഭസൂചകവും - ഇത് വന്യജീവി ഗവേഷകന്‍ ഡോ. ഹെം സിംഗ് ഗെലോട്ടിന്റെ വാക്കുകള്‍ .

ഓരോ വര്‍ഷവും നൂറോളം ഇനം ദേശാടന പക്ഷികള്‍ ഭക്ഷണം തേടി അല്ലെങ്കില്‍ അവരുടെ ജന്മവാസത്തിന്റെ കടുത്ത ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാനായി ഇന്ത്യയിലേക്ക് പറന്നെത്തുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദേശാടന പക്ഷികളില്‍ ഭൂരിഭാഗവും ശൈത്യകാല കുടിയേറ്റക്കാരാണ്. മധ്യേഷ്യ, സൈബീരിയ, ഏഷ്യ മൈനര്‍, അറേബ്യ, മധ്യ, വടക്ക് - കിഴക്കന്‍ ഏഷ്യ, പൂര്‍വ്വേഷ്യ, മംഗോളിയ, വടക്ക് - കിഴക്കന്‍ ചൈന, യൂറോപ്പ്, ആര്‍ട്ടിക് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ശൈത്യകാല ദേശാന്തര ഗമന പക്ഷികളാണ് ഈ കൊക്കുകള്‍. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിവിധ ദേശാടന മാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യയിലെത്തുന്നത്.

അനുയോജ്യ പാരിസ്ഥിതിക ആവാസവ്യവസ്ഥകള്‍ കണ്ടെത്താനും കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്താനുമാണ് കൂടുവിട്ട് കൂടുമാറിയുള്ള ഇവയുടെ ദേശാന്തര ഗമനം. ഐയുസിഎന്‍ (രാജ്യാന്തര പ്രകൃതി പരിപാലന യൂണിയന്‍) റെഡ് ലിസ്റ്റ് പ്രകാരം കാര്യമായ വംശനാശ ഭിഷണിയിലുള്‍പ്പെട്ടവയല്ല ഈ ദേശാന്തര കൊക്കുകള്‍.

Anweshanam
www.anweshanam.com