'കോവിഡ് നിയന്ത്രണം  ആരുടെയും കൈയ്യിലല്ല'; കയ്യൊഴിഞ്ഞ് ആരോഗ്യമന്ത്രി
India

'കോവിഡ് നിയന്ത്രണം ആരുടെയും കൈയ്യിലല്ല'; കയ്യൊഴിഞ്ഞ് ആരോഗ്യമന്ത്രി

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം 50000 ആകുകയും മരണം 920 കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ നിസ്സഹായാവസ്ഥയോടെയുള്ള പ്രതികരണം.

By News Desk

Published on :

ബംഗളൂരു: 'ഇനി ദൈവത്തിനു മാത്രമേ കർണാടകയെ രക്ഷിക്കാൻ കഴിയു, കോവിഡ് നിയന്ത്രണം ആരുടെയും കൈയ്യിലല്ല.' - കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കർണാടകയിലെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 50000 ആകുകയും മരണം 920 കഴിയുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നിസ്സഹായാവസ്ഥയോടെയുള്ള പ്രതികരണം വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്.

ബംഗളൂരു നഗരത്തിന്റെ സ്ഥിതി ദിനം തോറും വഷളാകുകയാണ്. ഇന്നലെ മാത്രം 1975 പുതിയ കേസുകളും 60 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ അപേക്ഷിച്ചു ബംഗളൂരുവിൽ പ്രതിദിന രോഗ വ്യാപനം കൂടുതൽ ആകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 1647, മുംബൈ 1374, ചെന്നൈ 1291 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ബാംഗളൂരിൽ 1975 കേസുകളാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ബംഗളൂരുവിലെ രോഗവ്യാപനം.

സ്ഥിതി വഷളായതിനെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്ക് ആണ് എങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചവരെ നീണ്ടു പോയേക്കാം എന്നാണ് വിലയിരുത്തൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 5 മുതൽ ഉച്ചക്ക് 12 മണി വരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാം നിശ്ചലമായ അവസ്ഥയാണ്.

Anweshanam
www.anweshanam.com