യുപിയില്‍ റേഷന്‍കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെ വെടിവെപ്പ്; ഒരാള്‍ മരിച്ചു
ദുര്‍ജാന്‍പുര്‍ ഗ്രാമത്തിലെ ബലിയ ഏരിയയിലാണ്​ സംഭവമുണ്ടായത്
യുപിയില്‍ റേഷന്‍കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെ വെടിവെപ്പ്; ഒരാള്‍ മരിച്ചു

ബല്ലിയ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനിടെ വെടിവെപ്പ്. ജയ് പ്രകാശ് (46) എന്നയാള്‍ വെടിയേറ്റ് മരിച്ചു. ദുര്‍ജാന്‍പുര്‍ ഗ്രാമത്തിലെ ബലിയ ഏരിയയിലാണ്​ സംഭവമുണ്ടായത്​.

റേഷന്‍കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ഗ്രാമപഞ്ചായത്തില്‍ യോഗം വിളിച്ചിരുന്നു. ഇതിന്​ ശേഷം ധീരേന്ദ്ര പ്രതാപ് സിംഗ് എന്നയാള്‍ ജയ്​പ്രകാശിന്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ്​ യോഗം റദ്ദാക്കിയതെന്ന്​ പൊലീസ്​ സുപ്രണ്ട്​ ദേവേന്ദ്ര നാഥ്​ പറഞ്ഞു.

കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഗ്രാമത്തിലെ ക്രമസമാധാനനില പരിപാലിക്കാന്‍ അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ്​ സുപ്രണ്ട്​ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്​ എസ്​.ഡി.എം, സര്‍ക്കിള്‍ ഓഫീസര്‍, പൊലീസ്​ ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്​പെന്‍ഡ്​ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉത്തരവിട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com