വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ എനിക്ക് കഴിയില്ല: ഒമര്‍ അബ്ദുല്ല

ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം ഞാന്‍ ഒരു നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം.
വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ എനിക്ക് കഴിയില്ല: ഒമര്‍ അബ്ദുല്ല

ജമ്മു: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന കാലത്തോളം താനിനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം. കശ്മീര്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനം കൂടിയാണിത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ലേഖനത്തില്‍ ഉയര്‍ത്തുന്നത്.

'ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം ഞാന്‍ ഒരു നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ എനിക്ക് കഴിയില്ല' കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

കശ്മീരിന്റെ പ്രത്യേകാധികാരമായ ആര്‍ട്ടിക്കിള്‍ 370 ല്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നും ഒമര്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും ശക്തമായ നിയമസഭയിലെ അംഗമെന്ന നിലയില്‍, കഴിഞ്ഞ ആറ് വര്‍ഷം നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍, എനിക്ക് ഇനി സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കില്ല. കാരണം ആ സഭയുടെ അധികാരം കവര്‍ന്നെടുത്തിരിക്കുകയാണ്. ബി.ജെ.പി ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ ശ്രമിക്കുന്നത് ഒരിക്കലും അത്ഭുതമുള്ള കാര്യമല്ല. പക്ഷേ അതിലേറെ എന്നെ ഞെട്ടിച്ചത്, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്‌ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റാനുള്ള തീരുമാനത്തെയാണ്. സംസ്ഥാനത്തെ തന്നെ അപമാനിക്കുന്നതാണ് ഈ നീക്കം. എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഒമര്‍ പറഞ്ഞു.

ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര അമിത് ഷായും കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക സാഹചര്യം മാത്രമാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ അധികാരങ്ങളും വൈകാതെ തന്നെ പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായ ദിവസം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ വാദം. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേകാധികാരം ഒരിക്കലും ആരുടെയും ഔദാര്യമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ചേരുന്നതിന് കശ്മീരിന് ലഭിച്ച അധികാരമാണത്. ഇത് ഒരു സമയം കഴിഞ്ഞാല്‍ മാറ്റാമെന്ന് എവിടെയും പറയുന്നില്ല. എത്ര കാലം കശ്മീര്‍ ഇന്ത്യയില്‍ തുടരുന്നുവോ അത്രയും കാലം ഈ അധികാരം ഉണ്ടായിരിക്കും എന്നതാണ് സത്യമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ചും ഒമര്‍ അബ്ദുള്ള ലേഖനത്തില്‍ പറയുന്നുണ്ട്. ഞാന്‍ മറക്കുന്ന ഒരു കൂടിക്കാഴ്ചയല്ല അത്. അതിനെ കുറിച്ച്‌ വിശദമായി ഒരു ദിവസം എഴുതാം- അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ ഒമര്‍ അബ്ദുല്ലയെ അടുത്തിടെയാണ് മോചിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com