നീറ്റ് പരീക്ഷ: ഞായറാഴ്ച എത്താത്തവര്‍ക്ക് വീണ്ടും അവസരം നല്‍കില്ല; സുപ്രീംകോടതി
India

നീറ്റ് പരീക്ഷ: ഞായറാഴ്ച എത്താത്തവര്‍ക്ക് വീണ്ടും അവസരം നല്‍കില്ല; സുപ്രീംകോടതി

നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് പറഞ്ഞത്.

News Desk

News Desk

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

നേരത്തെ, നീറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്. നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ നടത്താന്‍ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്നാം തിയതി മുതല്‍ ആറാംതിയതി വരെ ജെഇഇ പരീക്ഷ നടന്നു.

കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നീറ്റ്-ജെഇഇ പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായി കോടതിയെ സമീപിച്ചത്.

Anweshanam
www.anweshanam.com